സ്‌പെഷ്യലൈസ്ഡ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരെ നിയമിക്കണം: സഊദിയില്‍ സ്വകാര്യ പോളിക്ലിനിക്കുകള്‍ ആശങ്കയില്‍
റിയാദ്: രാജ്യത്തെ സ്വകാര്യ പോളിക്ലിനിക്കുകളിലും മെഡിക്കല്‍ സെന്ററുകളിലും സ്‌പെഷ്യലൈസ്ഡ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരെ നിയമിക്കണമെന്ന പുതിയ വ്യവസ്ഥ ആരോഗ്യ മന്ത്രാലയം കര്‍ശനമാക്കുന്നതിനെ തുടര്‍ന്ന് സ്വകാര്യ പൊളിക്ലിനിക്കുകള്‍ ആശങ്കയില്‍. ഓരോ വിഭാഗത്തിലും പ്രത്യേകം സ്‌പെഷ്യലൈസ്ഡ് ചെയ്ത ഡോക്ടര്‍മാരെ നിയമിക്കണമെന്ന വ്യവസ്ഥയാണ് കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ രാജ്യത്തെ സ്വകാര്യ പോളി ക്ലിനിക്കുകള്‍ സാരമായി ബാധിക്കുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.
ചെറുകിട ആരോഗ്യകേന്ദ്രത്തിലേക്ക് കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാരെ കിട്ടാനില്ല. അതുകൊണ്ട് തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ വ്യവസ്ഥ പാലിച്ചു എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് മാനേജ്‌മെന്റുകള്‍. എല്ലാ വിഭാഗത്തിലും പുതിയ ചട്ടം ശക്തമാക്കണെന്നാണ് അനുശാസിക്കുന്നത്. എന്നാല്‍, യോഗ്യരായ സ്വദേശികളെയും വിദേശികളെയും ഈ മേഖലയിലേക്ക് കടന്നു വരുന്നില്ല. ഈ സാഹചര്യത്തില്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കണമെന്ന് അനുശാസിക്കുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലെ 14ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിന് കീഴിലെ ഹെല്‍ത്ത് സമിതി ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തീരുമാനം നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും കൗണ്‍സില്‍ ആരോഗ്യ മന്ത്രാലയത്തിനയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പുതിയ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ലൈസന്‍സ് പുതുക്കാത്തതിനാല്‍ നിരവധി മെഡിക്കല്‍ സെന്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് റിയാദ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്റും മെഡിക്കല്‍ സമിതി അധ്യക്ഷനുമായ ഡോ. സാമി അല്‍ അബ്ദുല്‍കരീം പറഞ്ഞു. വിദേശികളായ സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടന്റുമാര്‍ പോളിക്ലിനിക്കുകളിലെ ജോലി സ്വീകരിക്കുന്നതിന് വിസമ്മതിക്കുകയാണ്. കണ്‍സള്‍ട്ടന്റുമാരെ ലഭ്യമാക്കുന്നതിന് സഹായം തേടി പലതവണ ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാത്തതിന് പോളിക്ലിനിക്കുകള്‍ പൂട്ടാന്‍ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം നോട്ടിസ് നല്‍കി കഴിഞ്ഞതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."