കോളജ് മാഗസിനുകള്‍ ജനപക്ഷത്തിന്റെ ശബ്ദമാവണം: ജസ്റ്റിസ് പി.എ സിറാജുദ്ദീന്‍
ആലുവ: കോളജ് മാഗസിനുകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും, സംഘടനകളുടേയും പ്രകടന പത്രികയാവാതെ ജനപക്ഷത്തിന്റെ ശബ്ദമാവണമെന്നു ജസ്റ്റിസ് പി.എ സിറാജുദ്ദീന്‍. ആലുവ യു.സി കോളജില്‍ നടന്ന എം.ജി സര്‍വകലാശാല മാഗസിന്‍ എഡിറ്റേഴ്‌സ് ക്യാംപിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പതിവ് ക്യാംപസ് പ്രണയ സൃഷ്ടികള്‍ക്കുമപ്പുറം സാമൂഹിക വിഷയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ദലിതരുടേയും, സ്ത്രീകളുടേയും വിഷയങ്ങള്‍ മാഗസിനുകളിലൂടെ ചര്‍ച്ച ചെയ്യണം. യുവജനങ്ങള്‍ ലഹരിയ്ക്ക് അടിമപ്പെടുന്നതു തടയിടുന്നതിനാവശ്യമായ സൃഷ്ടികള്‍ക്കും മാഗസിനുകളില്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു.
ഉള്ളടക്കത്തിലും, ഘടനയിലും നവീനത കൊണ്ടു വരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ക്യാംപിന്റെ വിവിധ സെഷനുകളിലായി സുനില്‍ പി. ഇളയിടം, എം.വി ബെന്നി, ബി.ജി തമ്പി, കെ.എം ഷീബ, ഐ.വി ബാബു, ജി ശ്രീകുമാര്‍, സജി ജെയിംസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ആഭിമുഖ പരിപാടിയില്‍ ആലുവ ഡിവൈ.എസ്.പി കെ.ജി ബാബുകുമാര്‍, പ്രൊഫ.എസ് സീതാരാമന്‍, എഴുത്തുകാരി ഗ്രേസി, പ്രൊഫ.വി.സി ഹാരിസ് എന്നിവര്‍ മുഖ്യാതിഥിയായി. സമാപന സമ്മേളനത്തില്‍ ആലപ്പുഴ ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, ക്യാംപ് ഡയറക്ടര്‍ എം.ഐ പുന്നൂസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."