കര്‍ണാടകയില്‍ വാഹന യാത്രക്കാര്‍ക്കു നേരെ കവര്‍ച്ചാശ്രമങ്ങള്‍ വര്‍ധിക്കുന്നു
ശ്രദ്ധിക്കണമെന്ന് പൊലിസ്
കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളടക്കം നടത്തുന്ന മലയാളികളുള്‍പ്പെടെയുള്ളവരെയാണ് കവര്‍ച്ചക്കാര്‍ ലക്ഷ്യമിടുന്നത്
ഗുണ്ടല്‍പേട്ട്: കര്‍ണാടകയിലെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ ഗുണ്ടല്‍പേട്ടയിലും പരിസരത്തും വ്യാപകമാവുന്നു. രാത്രി ഇതുവഴി വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് ഇത്തരം സംഘങ്ങളുടെ വലയില്‍പ്പെടുന്നത്. മാരകായുധങ്ങളുമായാണ് ഇവര്‍ കവര്‍ച്ചയ്‌ക്കെത്തുന്നത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ഈ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവുമവസാനം ബംഗളൂരുവില്‍ നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കുടുംബത്തിന് നേരെ തോക്കും മറ്റ് മാരകായുധങ്ങളും ചൂണ്ടി കവര്‍ച്ചാ ശ്രമമുണ്ടായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നഞ്ചന്‍കോടിനടുത്ത് ജനവാസമില്ലാത്ത സ്ഥലത്തുവച്ചായിരുന്നു ആക്രമണം. രണ്ട് ഇന്നോവ കാറിലെത്തിയ ആക്രമിസംഘം പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശി കപ്യാരുമലയില്‍ ബേബിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ബംഗളൂരുവില്‍ മകളെ കൊണ്ടുവിട്ട ശേഷം പുല്‍പ്പള്ളിയിലേക്ക് വരുന്ന വഴി പുലര്‍ച്ചെ മൂന്നോടെയാണ് ഇവര്‍ക്കെതിരേ ആക്രമണ ശ്രമം നടന്നത്. മൂന്ന് കിലോമീറ്ററോളം കാറിനെ പിന്തുടര്‍ന്ന സംഘം ഇവരുടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തോക്കും മറ്റ് മാരകായുധങ്ങളുമായി വാഹനത്തില്‍ നിന്ന് ആളുകള്‍ ഇറങ്ങുന്നത് കണ്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ കാര്‍ വെട്ടിച്ചുമാറ്റി രക്ഷപ്പെടുകയായിരുന്നു. കവര്‍ച്ചാ സംഘത്തിലുള്ളവര്‍ ഡ്രൈവറുടെ നേരെ വാളുപയോഗിച്ച് വെട്ടാന്‍ശ്രമിച്ചെങ്കിലും വാഹനം വേഗത്തില്‍ മുന്നോട്ട് കുതിച്ചതിനാല്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ വെട്ടാന്‍ ഉപയോഗിച്ച വാള്‍ സൈഡില്‍ തട്ടി യാത്രക്കാരുടെ കാറിനുള്ളിലേക്ക് വീഴുകയും ചെയ്തു. കവര്‍ച്ചാസംഘം പിന്തുടര്‍ന്നെങ്കിലും ഡ്രൈവര്‍ അതിവേഗതയില്‍ വാഹനം ഓടിച്ച് പോന്നതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്.
തുടര്‍ന്ന് ഗുണ്ടല്‍പേട്ട ആര്‍.ടി ഓഫിസിലെത്തി അധികൃതരെ വിവരമറിയിച്ചു. ഗുണ്ടല്‍പേട്ട പൊലിസും സ്ഥലത്തെത്തി കുടുംബാംഗങ്ങളില്‍ നിന്നും വിവരം ശേഖരിച്ചു. പുലരുന്നതുവരെ ആര്‍.ടി.ഒ ചെക്ക്‌പോസ്റ്റിലിരുന്നതിന് ശേഷം മറ്റ് വാഹനങ്ങളോടൊപ്പമാണ് സംഘം യാത്ര തുടര്‍ന്നത്. കേസെടുക്കണമെങ്കില്‍ നഞ്ചന്‍കോട് പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മലയാളി സംഘം പരാതി നല്‍കാതെ മടങ്ങുകയായിരുന്നു. കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളടക്കം നടത്തുന്നത് മലയാളികളാണ്. ഇതുകൊണ്ട് തന്നെ ഇത്തരം കവര്‍ച്ചക്കാര്‍ ലക്ഷ്യമിടുന്നതും കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അണ്. മേഖലയില്‍ യാത്ര ചെയ്യുന്നവര്‍ കവര്‍ച്ചക്കാരുടെ ആക്രമണങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും പൊലിസ് വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."