സന്തോഷവും സംരക്ഷണവും അനിവാര്യം
വയോജനങ്ങള്‍ക്കു ജീവിതാന്ത്യം കഴിച്ചുകൂട്ടാനുള്ള സന്തോഷകരമായ അവസരങ്ങളൊരുക്കി അവരെ സംരക്ഷിക്കേണ്ടതു ഭരണഘടനയും നിയമവും കോടതിയും പൊലിസുമൊന്നുമല്ല, നാം ഓരോരുത്തരുമാണ്.
അതുകൊണ്ടുതന്നെയാണ് എല്ലാവര്‍ഷവും ഒക്‌ടോബര്‍ ഒന്ന് ലോകവയോജനദിനമായി ആചരിക്കുന്നത്. 1982 ല്‍ വിയന്നയില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസംഘടനയുടെ അംഗരാജ്യങ്ങളുടെ സമ്മേളനമാണു വയോജനപ്രശ്‌നങ്ങള്‍ സംബന്ധിച്ച വിയന്നാപ്രഖ്യാപനമെന്ന രേഖ അംഗീകരിച്ചത്.
1990 ഡിസംബര്‍ 14 നു ചേര്‍ന്ന യു.എന്‍ ജനറല്‍ അസംബ്ലി ഒക്‌ടോബര്‍ ഒന്ന് ലോക വയോജനദിനമായി ആചരിക്കാന്‍ ആഹ്വാനംചെയ്തു. 1991 മുതല്‍ ഈ ദിനം ആചരിച്ചുവരുന്നു. വയോജനങ്ങളെ ആദരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരാനുമാണ് ഈ ദിനംകൊണ്ടുദ്ദേശിക്കുന്നത്.
1991ല്‍ യുനൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി വിയന്നാപ്രഖ്യാപനം നടപ്പിലാക്കുന്നതില്‍ അംഗരാഷ്ട്രങ്ങള്‍ വീഴ്ചവരുത്തിയെന്നു വിലയിരുത്തുകയുണ്ടായി. പിന്നെയും കുറേ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യയില്‍ വയോജന നയം പുറത്തുവന്നത്. 2007 ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് മെയിന്റനന്‍സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പാസാക്കിയത്. വയോജനങ്ങളുടെ സംരക്ഷണം മക്കളുടെയും ചെറുമക്കളുടെയും തലയില്‍ കെട്ടിവച്ചു കൈകഴുകാനാണു കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമത്തിലൂടെ ശ്രമിച്ചത്.
സംരക്ഷണത്തിനും ചെലവിനും വേണ്ടി മക്കള്‍ക്കെതിരേ കേസുകൊടുക്കുന്ന മതാപിതാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യം ആശങ്കയുളവാക്കുന്ന ഇക്കാലത്തു സര്‍ക്കാരുകള്‍ക്കു കൈയുംകെട്ടി നില്‍ക്കാനാവില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തില്‍ 2008 മുതല്‍ ഇതുവരെ 9200 കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു.
2007ല്‍ കേന്ദ്രസര്‍ക്കാര്‍ രക്ഷിതാക്കളുടെയും മുതിര്‍ന്നപൗരന്മാരുടെയും ക്ഷേമത്തിനും പരിപാലത്തിനുംവേണ്ടിയുള്ള നിയമം പാസാക്കിയെങ്കിലും മൂന്നുസംസ്ഥാനങ്ങളൊഴികെ മറ്റൊരിടത്തും ഈ നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ പാസാക്കുകയോ ട്രിബ്യൂണലുകള്‍ സ്ഥാപിക്കുകയോ ഉദ്യോഗസ്ഥരെ നിയമിക്കുകയോ ചെയ്തിട്ടില്ല. അതുപോലെ ദേശീയ വയോജന നയം അടിസ്ഥാനമാക്കിയിട്ടുള്ള ആരോഗ്യസുരക്ഷ ഇന്ത്യയില്‍ ഒരിടത്തും ഒരു മുതിര്‍ന്നപൗരനും ലഭിക്കുന്നില്ല.
ഭരണാധികാരികള്‍ വയോജനപ്രശ്‌നത്തെ വളരെ ലാഘവബുദ്ധിയോടെയാണു കൈകാര്യംചെയ്യുന്നത്. പെന്‍ഷന്‍ നല്‍കുന്ന കാര്യത്തിലും പൂര്‍ണപ്രയോജനം കിട്ടിയിട്ടില്ല. വയോജനപെന്‍ഷന്‍ പദ്ധതിയനുസരിച്ചു ദാരിദ്ര്യരേഖയ്ക്കു താഴെവരുന്ന 60 വയസിനു മുകളിലുള്ള വയോജനങ്ങള്‍ക്കു പ്രതിമാസം 1000 രൂപ പെന്‍ഷനായി നല്‍കുന്നു. ഇതില്‍ 250 രൂപയാണു കേന്ദ്രവിഹിതം.
ഇതുവരെ 18 സംസ്ഥാനങ്ങളില്‍ മാത്രമാണ് ഈ പദ്ധതി നടപ്പാക്കിയത്. ആറു സംസ്ഥാനങ്ങളില്‍ കേന്ദ്രവിഹിതമായ 250 രൂപമാത്രമാണു നല്‍കുന്നത്. ചില സംസ്ഥാനങ്ങളില്‍ പ്രാദേശികനേതാക്കള്‍ മുഖേനയാണു പെന്‍ഷന്‍ നല്‍കിവരുന്നത്. അര്‍ഹരായ വയോജനങ്ങള്‍ക്ക് ഈ പദ്ധതികൊണ്ടു ശരിയായ പ്രയോജനം കിട്ടിയില്ല.
സമഗ്രപദ്ധതി നടപ്പാക്കണം
കാഴ്ചയും കേള്‍വിയും കുറഞ്ഞവര്‍, കാഴ്ചശക്തി തീരെയില്ലാത്തവര്‍, അള്‍ഷൈമേഴ്‌സ് രോഗം ബാധിച്ചവര്‍, ചലനശക്തി നശിച്ചവര്‍, പ്രമേഹം, കാന്‍സര്‍, ഹൃദ്രോഗം, കൊളസ്‌ട്രോള്‍, വാതം, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരാണു വയോജനങ്ങളില്‍ ഭൂരിപക്ഷവും. അവര്‍ക്കൊക്കെ ദുരിതപൂര്‍ണമല്ലാത്ത ജീവിതം യാഥാര്‍ഥ്യമാകണമെങ്കില്‍ കാര്യമായ ശ്രദ്ധവേണം.
മരിക്കുന്നതുവരെ വൃദ്ധജനങ്ങളെ താരതമ്യേനെ ആരോഗ്യമുള്ളവരാക്കി നിര്‍ത്തുകയെന്നതാണു മുഖ്യം. ഇതിനായി സമഗ്രമായ പദ്ധതികള്‍ക്കു സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ വയോജന നയത്തില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ പൂര്‍ണമായ തോതില്‍ നടപ്പാക്കിയാല്‍ വൃദ്ധജനസമൂഹത്തിനു വളരെ ആശ്വാസകരമായിരിക്കും.
വിപുലമായ പരിപാടികളുള്‍ക്കൊള്ളുന്ന പ്രസ്തുത നയപ്രഖ്യാപനം നടപ്പാക്കുന്നതിന് പ്രത്യേകവകുപ്പോ ഏജന്‍സിയോ ഇല്ലെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്. കഴിഞ്ഞകാലത്തു തുച്ഛമായ വരുമാനം ലഭിച്ചവരും ഇപ്പോള്‍ തുച്ഛമായ പെന്‍ഷന്‍ കിട്ടുന്നവരുമായ മുതിര്‍ന്ന പൗരന്മാര്‍ക്ക് വിലക്കയറ്റത്തിനിടയില്‍ പിടിച്ചുനില്‍ക്കാനാവില്ല. അതിനായി ആനുപാതികമായ സഹായം നല്‍കണം.
ഏതു ഗുരുതരമായ രോഗാവസ്ഥയിലും ചികിത്സിക്കാന്‍ ലക്ഷങ്ങള്‍ വേണ്ടിവരുന്ന ഇന്നത്തെ അവസ്ഥ മാറ്റി സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അക്ഷന്തവ്യമാണ്. ഒരു പെന്‍ഷനും ലഭിക്കാത്ത വയോജനങ്ങള്‍ക്കു പ്രതിമാസം 3500 രൂപയെങ്കിലും പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നാണ് ആവശ്യം.
അടുത്തകാലത്ത്,വയോജന പെന്‍ഷന്‍ 525ല്‍ നിന്ന് 1000 രൂപയായി ഉയര്‍ത്തുകയും പെന്‍ഷന്‍ വീട്ടിലെത്തിക്കാന്‍ സംവിധാനമൊരുക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി ആശ്വാസകരമാണ്. വയോജനപെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തുകയും വയോജന സൗഹൃദസംസ്ഥാനമായി കേരളത്തെ മാറ്റുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണു വയോജനങ്ങള്‍. പിറവിമുതല്‍ മരണംവരെ കടന്നുപോകേണ്ട ജീവിതയാത്രയില്‍ താങ്ങും തണലും സാന്ത്വനവുമായി നില്‍ക്കേണ്ടതും മുതിര്‍ന്ന പൗരന്മാരുടെ പ്രാധാന്യവും അവര്‍ നല്‍കിയ സംഭാവനയും തിരിച്ചറിയേണ്ടതും സമൂഹവും ഭരണകൂടവുമാണ്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."