പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി പരിഗണനയില്‍
തിരുവനന്തപുരം: പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തല്‍ പ്രകാരം 24 ലക്ഷം പ്രവാസി മലയാളികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ പ്രതിവര്‍ഷം ഏകദേശം 1,30,000 കോടി രൂപ ഇന്ത്യയിലേക്ക് അയ്ക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 40 ശതമാനം പ്രവാസികളുടെ സംഭവനയാണ്.
ജൂണ്‍ മാസം വരെ വിവിധ ബാങ്കുകളിലേക്ക് 1,42,669 കോടി രൂപ വിദേശ പണം ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിദേശപ്പണം എത്തുന്നത് മലപ്പുറം ജില്ലയിലേക്കാണ്. കുറവ് ഇടുക്കിയിലേക്കും.
വിദേശരാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ക്ക് ആവശ്യമായ ഘട്ടങ്ങളിലെല്ലാം നിയമസഹായമെത്തിക്കാന്‍ സംവിധാനമുണ്ടാക്കും. ഇതിനായി വിദേശത്ത് അഭിഭാഷക ജോലിയിലേര്‍പെട്ട മലയാളികളുടെ പാനല്‍ തയാറാക്കും.
മറ്റു രാജ്യങ്ങളെല്ലാം വിദേശങ്ങളിലുള്ള അവരുടെ പൗരന്‍മാരെ സഹായിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാറുണ്ട്. നമ്മള്‍ വേണ്ടത്ര ചെയ്യുന്നില്ല. അതിനുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും. പ്രവാസം അവസാനിപ്പിച്ചെത്തിയവരില്‍ ഭൂരിപക്ഷം ജീവിക്കാന്‍ വകയില്ലാത്തവരാണ്. ഇവരുടെ പുനരധിവാസത്തിന് നിലവിലുള്ള പദ്ധതികള്‍ സമഗ്രമാക്കും. ചെറുകിടക്കാരായ ആളുകളുടേതടക്കമുള്ള പ്രവാസി നിക്ഷേപം സ്വീകരിച്ച് പ്രയോജനപ്പെടുത്തുന്ന ഒരു പദ്ധതി ഉണ്ടാകേണ്ടതുണ്ട്. ഇതിനു നിലവിലുള്ള പദ്ധതിയായ ഇന്‍കെല്ലിന് സാധാരണക്കാരുടെ നിക്ഷേപം വേണ്ടത്ര ആകര്‍ഷിക്കാനായിട്ടില്ല. പ്രവാസിക്ഷേമ നടപടികള്‍ക്കായി ആദ്യം നീക്കിവച്ച 12 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. വീണ്ടും 12 കോടികൂടി നീക്കിവച്ചിട്ടുമുണ്ട്. അതിന് ഉടന്‍ ഭരണാനുമതി നല്‍കും. പ്രവാസികളുടെ മരണാനന്തര സഹായം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."