ഗോവയ്ക്ക് ബ്ലാസ്റ്റേഴ്‌സിന്റെ........ചുട്ടമറുപടി
ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച്
എഫ്.സി ഗോവയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം വിജയം സ്വന്തമാക്കി
മലയാളി താരം മുഹമ്മദ് റാഫിയും ബെല്‍ഫോര്‍ട്ടും വല ചലിപ്പിച്ചു
മഡ്ഗാവ്: ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം ഗംഭീര പോരാട്ടത്തിലൂടെ രണ്ടു ഗോള്‍ തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലിലെ രണ്ടാം വിജയം സ്വന്തമാക്കി. നിലവിലെ രണ്ടാം സ്ഥാനക്കാരായ എഫ്.സി ഗോവയെ അവരുടെ തട്ടകത്തില്‍ 2-1നു കീഴടക്കിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സിനെ മലയാളി താരം മുഹമ്മദ് റാഫി സമനിലയിലെത്തിച്ചപ്പോള്‍ കളിയുടെ അവസാന നിമിഷങ്ങളില്‍ കെര്‍വന്‍ ബെല്‍ഫോര്‍ട്ടിന്റെ മികവാണ് വിജയമൊരുക്കിയത്. രണ്ടാം പകുതിയിലായിരുന്നു കേരളത്തിന്റെ രണ്ടു ഗോളുകളും പിറന്നത്. മത്സരത്തിലുടനീളം മികച്ച ഒത്തൊരുമ കാണിച്ച് മുന്നേറ്റവും മധ്യനിരയും പ്രതിരോധവും ഒരേ മനസ്സോടെ പോരാടിയാണ് വിജയം പിടിച്ചത് എന്നത് കൊമ്പന്‍മാരുടെ മുന്നേട്ടുള്ള യാത്രയ്ക്ക് കരുത്താകുമെന്നു പ്രതീക്ഷിക്കാം.
പൂനെയെ നേരിട്ട അതേ ടീമിനെ തന്നെയാണ് കേരളം അണിനിരത്തിയത്. 4-2-3-1 ശൈലിയിലായിരുന്നു കോപ്പല്‍ ടീമിനെ ഇറക്കിയത്. മുന്നേറ്റത്തില്‍ മുഹമ്മദ് റാഫി ഒറ്റയ്ക്കായിരുന്നു. പിന്നില്‍ മൈക്കല്‍ ചോപ്രയും ബെല്‍ഫോര്‍ട്ടും റഫീഖും നിരന്നു. മെഹ്താബ് ഹുസൈന്‍, അസ്‌റാഖ് മുഹമ്മദ് എന്നിവരിലായിരുന്നു കളിയുടെ കടിഞ്ഞാണ്‍. മധ്യനിരയിലും പ്രതിരോധത്തിലും ശ്രദ്ധ പതിപ്പിച്ചായിരുന്നു ഇരുവരും കളിച്ചത്. കരുത്തുറ്റ പ്രതിരോധവുമായി പതിവു പോലെ സന്ദേശ് ജിങ്കന്‍, ആരോണ്‍ ഹ്യൂസ്, ഹോസു, ഹെങ്ബര്‍ട്ട് എന്നിവരും നിറഞ്ഞു. കഴിഞ്ഞ കളി വിജയിച്ച ഗോവയും ആദ്യ ഇലവനില്‍ മാറ്റത്തിനു മുതിര്‍ന്നില്ല.
കളിയിലുടനീളം കേരളത്തിനായിരുന്നു മുന്‍തൂക്കം. ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കേരളത്തിനു സാധിച്ചിരുന്നെങ്കില്‍ ഗോവന്‍ തോല്‍വി കനത്തതാകുമായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയെന്ന നയം ബ്ലാസ്റ്റേഴ്‌സ് ഫത്തോര്‍ഡയിലും നടപ്പാക്കി. എന്നാല്‍ കളിക്കു വിപരീതമായിരുന്നു ആദ്യ ഗോള്‍. ഗോവ അപ്രതീക്ഷിത ലീഡ് തുടക്കത്തില്‍ തന്നെ സ്വന്തമാക്കി. 24ാം മിനുട്ടിലെ മുന്നേറ്റത്തിനൊടുവില്‍ റിച്ചാര്‍ലിസണിന്റെ ക്രോസില്‍ നിന്നു ജൂലിയോ സെസര്‍ ഹെഡ്ഡറിലൂടെ വല ചലിപ്പിച്ചു. ഹോസു തടയാനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമായി. ഗോള്‍ വഴങ്ങിയതോടെ വര്‍ധിത വീര്യത്തോടെയുള്ള ആക്രമണം നടത്തി ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവിനുള്ള കോപ്പുകൂട്ടി. ഗോവയുടെ മുന്നേറ്റങ്ങളെ ഈ ഘട്ടത്തില്‍ ഫലപ്രദമായി തടയാന്‍ കേരളത്തിനു സാധിച്ചിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന്റെ തൊട്ടുമുന്‍പ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഹോസു- ബെല്‍ഫോര്‍ട്ട് സഖ്യത്തിന്റെ ശ്രമം ലക്ഷ്യം കണ്ടില്ല.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ തന്നെ ആക്രമണം തുടങ്ങിയ കേരളത്തിനു സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫലം ലഭിച്ചു. 30ാം സെക്കന്‍ഡില്‍ റാഫിയുടെ ഗോളിലൂടെ കേരളം സമനില പിടിച്ചു. മെഹ്താബ് ഹുസൈന്‍ നല്‍കിയ പാസ് പിടിച്ചെടുത്ത് പോസ്റ്റിന്റെ ഇടതു ഭാഗത്ത് നിന്ന് റഫീഖ് നല്‍കിയ ക്രോസ് വലയിലാക്കി മലയാളി താരം മുഹമ്മദ് റാഫി കേരളത്തിനു സമനില സമ്മാനിച്ചു. പിന്നീട് കേരളത്തിന്റെ നിരന്തരമായ ആക്രമണമാണ് ഫത്തോര്‍ഡയില്‍ കണ്ടത്. 62ാം മിനുട്ടില്‍ സെസാറിന്റെ ഗോള്‍ ശ്രമം ഗോവയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ സന്ദീപ് നന്ദിയുടെ അവസരോചിത ഇടപെടല്‍ അപകടം ഒഴിവാക്കി. 79ാം മിനുട്ടില്‍ ബെല്‍ഫോര്‍ട്ട് ഒരുക്കി നല്‍കിയ ഗോളവസരം മൈക്കല്‍ ചോപ്ര പാഴാക്കി. രണ്ടു ഗോവന്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് ചോപ്ര തൊടുത്ത പവര്‍ ഷോട്ട് ഗോവന്‍ ഗോളി നിഷ്ഫലമാക്കി.
ഒടുവില്‍ 84ാം മിനുട്ടില്‍ കേരളത്തിന്റെ വിജയ ഗോള്‍ പിറന്നു. ഹോസു നല്‍കിയ പാസുമായി മുന്നേറിയ ബെല്‍ഫോര്‍ട്ട് രണ്ട് ഗോവന്‍ ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്ത് ഒറ്റയ്ക്കു മുന്നേറി 30 വാര അകലെ നിന്നു ഷോട്ടുതിര്‍ത്ത് വലയുടെ വലതു മൂലയില്‍ നിക്ഷേപിച്ചു.
ആറു കളികളില്‍ നിന്നു രണ്ടു വീതം ജയവും സമനിലയും തോല്‍വിയുമായി എട്ടു പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. നാലു പോയിന്റുമായി ഗോവ അവസാന സ്ഥാനത്തു തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."