ഇന്ന് നിശബ്ദപ്രചാരണം; നാളെ വിധിയെഴുതും, സുരക്ഷയ്ക്കായി 52,000 പൊലിസ് സേന
കോഴിക്കോട്: കുറച്ച് മണിക്കൂറുകള്‍ മാത്രം, ജനം നാളെ പോളിങ് ബൂത്തിലെത്തി കേരളത്തിന്റെ ഭാവി നിര്‍ണയിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഇത്തവണ വോട്ടിങ് സമയം. ആറു മണിക്ക് ക്യൂവിലുള്ളവര്‍ക്കെല്ലാം വോട്ടുചെയ്യാം. കഴിഞ്ഞതവണ അഞ്ചുമണി വരെ മാത്രമായിരുന്നു ഇതിനുള്ള അവസരം.
വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ അതുതന്നെ ഹാജരാക്കണം
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യുന്നതിനു മുന്‍പായി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് തന്നെ ഹാജരാക്കേണ്ടതാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്തവര്‍ ഇനി പറയുന്ന 11 തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാല്‍ മതി. ഇവയ്‌ക്കൊപ്പം സത്യപ്രസ്താവന നല്‍കണം. ഇതിന്റെ പകര്‍പ്പ് ബി.എല്‍.ഒമാരില്‍ നിന്ന് ലഭിക്കും.
പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ നല്‍കുന്ന ഫോട്ടോ പതിച്ച സര്‍വിസ് തിരിച്ചറിയല്‍ കാര്‍ഡുകള്‍, സഹകരണ ബാങ്കുകള്‍ നല്‍കുന്ന പാസ് ബുക്ക് ഒഴികെ ബാങ്ക്‌പോസ്‌റ്റോഫിസ് നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്കുകള്‍, പാന്‍ കാര്‍ഡ്, നാഷനല്‍ പോപ്പുലേഷന്‍ രജിസ്റ്ററിന് കീഴില്‍ ആര്‍.ജി.ഐ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, തെരഞ്ഞെടുപ്പു വിഭാഗം നല്‍കുന്ന ആധികാരിക ഫോട്ടോ വോട്ടര്‍ സ്ലിപ്പ്, എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്.
ക്രമസമാധാനപാലനത്തിന് കേന്ദ്രസേന ഉള്‍പ്പെടെ 52,000 പൊലിസുകാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിതമായി വോട്ടെടുപ്പ് നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി സംസ്ഥാന പൊലിസ് മേധാവി ടി.പി സെന്‍കുമാര്‍ അറിയിച്ചു.
സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനുമായി കേന്ദ്രസേന ഉള്‍പ്പെടെ അന്‍പത്തിരണ്ടായിരത്തിലധികം പുരുഷവനിത പൊലിസുകാരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം എക്‌സൈസ്, ഫോറസ്റ്റ്, തുടങ്ങിയ വകുപ്പുകളിലെ രണ്ടായിരത്തില്‍പ്പരം ജീവനക്കാരെയും 2027 ഹോംഗാര്‍ഡുകളെയും ക്രമസമാധാന ചുമതലക്ക് നിയോഗിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സേനയെയാണ് ഇത്തവണ നിയോഗിക്കുന്നതെന്ന് ഡി.ജി.പി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമാധാനപരമായും സുഗമമായും നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജാഗ്രതപുലര്‍ത്തണമെന്ന് എല്ലാ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുരക്ഷാനടപടികളെടുക്കാന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടാകും. വോട്ടെടുപ്പുദിവസം 1,395 ഗ്രൂപ്പ് പട്രോള്‍ സംഘങ്ങളെയും 932 ക്രമസമാധാനപാലന പട്രോള്‍ സംഘങ്ങളെയും നിയോഗിക്കും.
കുറ്റവാളികളെയും അക്രമികളെയും കണ്ടെത്തുന്നതിനും അനിഷ്ടസംഭവങ്ങള്‍ കൈയോടെ പകര്‍ത്തുന്നതിനുമായി ഗ്രൂപ്പ് പട്രോള്‍ സംഘങ്ങള്‍ക്ക് വീഡിയോ കാമറകളും നല്‍കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് 291 ഇലക്ഷന്‍ സര്‍ക്കിള്‍ വിങ്ങിനെയും 116 സബ് ഡിവിഷന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം എല്ലാ സോണല്‍ എ.ഡി.ജി.പി. മാര്‍ക്കും റേഞ്ച് ഐ.ജി മാര്‍ക്കും ജില്ലാ പൊലിസ് മേധാവിമാര്‍ക്കും സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകള്‍ നല്‍കിയിട്ടുണ്ട്.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന പൊലിസ് ആസ്ഥാനത്ത് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍ നമ്പര്‍. 0471 2722233. ഇതോടൊപ്പം എല്ലാ ജില്ലാ പൊലിസ് ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഹോട്ട് ലൈന്‍, വയര്‍ലെസ്, മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളോടുകൂടിയ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലവിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."