എഴുപതിലും കളിമൈതാനം നിറഞ്ഞ് സിദ്ദീഖിച്ച
തൃക്കരിപ്പൂര്‍: കാല്‍പന്തുകളിയുടെ ഗ്രാമമായ തൃക്കരിപ്പൂരില്‍ പന്തു കളിക്കുന്നവര്‍ക്കും കളി ആസ്വദിക്കുന്നവര്‍ക്കും ഏറെ സുപരിചതാണ് വി.പി സിദ്ദീഖ് എന്ന സിദ്ദീഖിച്ച. പ്രായം ഏഴുപതിലെത്തിയെങ്കിലും കളിമൈതാനത്ത് സിദ്ദീഖിച്ചാക്ക് പ്രായം വെറും 20 എന്നാണ് തൃക്കരിപ്പൂരിലെ ഫുട്‌ബോള്‍ ആസ്വാദകരുടെ അഭിപ്രായം. നാലാം വയസുമുതല്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസക്ക് പരിസരത്തെ ഒഴിഞ്ഞ പറമ്പില്‍ റബര്‍ പന്ത് തട്ടികളിച്ചു തുടങ്ങിയ സിദ്ദീഖ് ആറര പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഫുട്‌ബോളുകളിയില്‍ സജീവം. ഇന്നും പുലര്‍ച്ചെ പ്രഭാത പ്രാര്‍ത്ഥനക്ക് ശേഷം പന്തുമായി തൃക്കരിപ്പൂര്‍ മിനിസ്‌റ്റേഡിയത്തില്‍ എത്തും. കളിക്കുന്നതാവട്ടെ 20കഴിയാത്ത യുവാക്കള്‍ക്കൊപ്പവും കെ.എസ്.ഇ.ബി, സന്തോഷ്ട്രോഫി, ഐ.എസ്.എല്‍ താരങ്ങള്‍ക്കൊപ്പവും.
കളിമൈതാനത്ത് ഇപ്പോഴും പന്തുകളിക്കാരുടെ ഗുരുവും കാരണവരും നല്ല കളിക്കാരനുമാണ് സിദ്ദീഖിച്ച. പണ്ട് ഗോളടി വീരനായ ഈ എഴുപതുകാരന്‍ ഇപ്പോഴും ഗോളടിയില്‍ മുന്നില്‍ തന്നെയാണ്. ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് ഐ.എസ്.എല്‍ താരം ഉള്‍പ്പെടുന്ന പ്രമുഖ താരങ്ങളുടെ ടീമുമായി ഇദ്ധേഹം നേതൃത്വം നല്‍കിയ ടീമുമായി നടന്ന സൗഹൃദ മത്സരത്തില്‍ സിദ്ദീഖ് ഹാട്രിക് ഗോള്‍ നേടിയത് കളിയാസ്വാദകരെ അതിശയിപ്പിച്ചിരുന്നു.
രാജ്യത്തിനും സംസ്ഥാനത്തിനും തൃക്കരിപൂരില്‍ നിന്നുള്ള താരങ്ങള്‍ക്ക് സിദ്ദീഖിച്ചാന്റെ ശിക്ഷണം കിട്ടിയിട്ടുണ്ട്. തൃക്കരിപ്പൂരിലെ പൗരാണിക ക്ലബായ ആക്മി ക്ലബാണ് സിദ്ദീഖിന്റെ തട്ടകം. 1963 മുതല്‍ 73 വരെ ബ്രദേഴ്‌സ് ക്ലബിന് വേണ്ടി മുന്നേറ്റ നിരയില്‍ കളിച്ചു. 1967ല്‍ അവിഭക്ത കണ്ണൂര്‍ ലീഗില്‍ ബി ഡിവിഷന്‍ ചാംപ്യന്‍സ് ടീമില്‍ അംഗമായിരുന്നു. ആവര്‍ഷം തന്നെ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ തൃക്കരിപ്പൂര്‍ ഹൈസ്‌കൂള്‍ ചാംപ്യന്‍സ് ടീമില്‍ അംഗം. സംസ്ഥാന സ്‌കൂള്‍ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സ് അപ്പായ ടീമില്‍ അംഗം, 1968ല്‍ കണ്ണൂര്‍ ബാങ്ക്‌മെന്‍സ് ടീമിന് ജില്ലാ ലീഗിലും, 1970ല്‍ ബാംഗളൂര്‍ മുസ്‌ലിം ഹീറോസിന് വേണ്ടിയും കുപ്പായമണിഞ്ഞു. ഇതിനിടെ 1985 മുതല്‍ 90 വരെ പ്രവാസ ജിവിതവും നയിച്ചു. 1990 മുതല്‍ ആക്മി ക്ലബ്ബില്‍ സജീവമായി. അന്നുമുതല്‍ ആക്മി ക്യാംപില്‍ എത്തുന്ന കളിക്കര്‍ക്ക് പരിശീലകനായും പ്രവര്‍ത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."