ഉപഭോക്താക്കളെ വട്ടംകറക്കി മുന്‍ഗണനാ ലിസ്റ്റ്; റേഷന്‍ വിതരണം അനിശ്ചിതത്വത്തിലേക്ക്
കോഴിക്കോട്: ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച് നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കേണ്ട പുതുക്കിയ റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സംയുക്ത റേഷന്‍ വ്യാപാരി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി നംവംബര്‍ ഒന്നു മുതല്‍ അനിശ്ചിത കാല കടയടപ്പ് സമരം ആരംഭിക്കാന്‍ തീരുമാനിച്ചതാണ് റേഷന്‍ വിതരണത്തെ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സിവില്‍ സപ്ലൈസ് ഓഫീസറുമായി സംഘടനാ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ പറയുന്ന വാതില്‍പ്പടി വിതരണം(ഡോര്‍ ഡെലിവറി) നടപ്പിലാക്കുക, റേഷന്‍ വ്യാപാരികള്‍ക്കുള്ള വരുമാനം കമ്മിഷന്‍ വ്യവസ്ഥയില്‍ നിന്നു മാറി ഓണറേറിയം സമ്പ്രദായത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭാരവാഹികള്‍ യോഗത്തില്‍ പ്രധാനമായും ഉന്നയിച്ചത്. എന്നാല്‍ ആവശ്യങ്ങള്‍ പെട്ടെന്ന് നടപ്പിലാക്കാനാകില്ലെന്ന് സിവില്‍ സപ്ലൈസ് ഓഫിസര്‍ അറിയിച്ചു.
ഇതോടെയാണ് കടയടപ്പ് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ വ്യാപാരികള്‍ ആസൂത്രണം ചെയ്തത്. പ്രയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പരിഷ്‌കരിച്ച പട്ടികയില്‍പ്പെട്ടവരുടെ റേഷന്‍ കാര്‍ഡ് സീല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴസ് ചെയര്‍മാന്‍ കാടാമ്പുഴ മൂസ്സ അറിയിച്ചു.
ജനുവരി മുതലാണ് പുതിയ റേഷന്‍ കാര്‍ഡ് വിതരണം നടക്കുക. ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണനാ ലിസ്റ്റിലുള്ളവരുടെ റേഷന്‍ കാര്‍ഡുകളില്‍ സീല്‍ പതിപ്പിച്ചെങ്കില്‍ മാത്രമേ റേഷന്‍ അനുവദിക്കു. എന്നാല്‍ സീല്‍ ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. കമ്മിഷന്‍ വ്യവസ്ഥയില്‍ ഒരു ക്വിന്റല്‍ അരിക്ക് 88 മുതല്‍ 92 രൂപവരെയാണ് വ്യാപാരികള്‍ക്ക് ലഭിക്കുന്നത്.
ഇതില്‍ മാറ്റം വരണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. റേഷന്‍ വിതരണം ആരംഭിക്കാന്‍ തീരുമാനിച്ച നവംബര്‍ ഒന്നിനിടെ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുത്തില്ലെങ്കില്‍ സമരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
മുന്‍ഗണനാ ലിസ്റ്റ് പരിശോധിക്കാന്‍ വലിയതോതിലുള്ള പ്രയാസമാണ് ഉപഭോക്താക്കള്‍ നേരിടുന്നത്. നൂറു കണക്കിനാളുകളാണ് റേഷന്‍ കടകള്‍ക്കു മുന്നില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് പരിശോധിക്കാന്‍ ഓരോ ദിവസവും എത്തുന്നത്. മുന്‍ഗണനാ പട്ടികയിലെ പരാതികള്‍ നവംബര്‍ അഞ്ച് വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
കാര്‍ഡ് സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയാന്‍ ഭക്ഷ്യവകുപ്പിന്റെ വെബ്‌സൈറ്റ് പരിശോധിക്കുന്നതിലുള്ള സങ്കീര്‍ണതകളും സാധാരണക്കാരുടെ ദുരിതം ഇരട്ടിയാക്കുകയാണ്. വെബ്‌സൈറ്റ് കൃത്യതയോടെ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
പട്ടികയിന്‍മേലുള്ള പരാതികള്‍ സ്വീകരിക്കാന്‍ വില്ലേജ് ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കുമെന്ന് ഭക്ഷ്യ മന്ത്രി പ്രസ്താവിച്ചിരുന്നു. ഇത് പ്രാവര്‍ത്തികമാകണമെങ്കില്‍ ഇനിയും ദിവസങ്ങളെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."