ഗുണ്ടകള്‍ക്ക് രാഷ്ട്രീയ കവചമൊരുക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിധത്തിലുള്ള ഗുണ്ടാപ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി.ഗുണ്ടാ ആക്രമണങ്ങള്‍ക്കിരയായതായുള്ള പരാതികളില്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെങ്ങും ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചുവെന്നും ക്രമസമാധാനനില തകരാറിലായെന്നും ആരോപിച്ച് പി.ടി.തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവിധ ഗുണ്ടാ ആക്രമണങ്ങളും തടയാനായി പ്രത്യേക പൊലിസ് സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി നഗരം ക്വട്ടേഷന്‍ സംഘത്തിന്റെ പിടിയിലാണെന്ന് പി.ടി.തോമസ് ആരോപിച്ചു. സി.പി.എം നേതാക്കള്‍ക്കും മധ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത പൊലിസ് ഉദ്യോഗസ്ഥനും ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ട്. കൊച്ചിയിലെ ആക്രമണങ്ങള്‍ക്ക് കണ്ണൂര്‍ ബന്ധമുണ്ടെന്നും തോമസ് പറഞ്ഞു.
സാധാരണക്കാരനായ ഒരാള്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ അക്കാര്യം പത്ത് മിനിട്ടിനുള്ളില്‍ ഗുണ്ടകളുടെ കൈയിലെത്തും. മധ്യസ്ഥരായെത്തുന്ന ഇവരാണ് പിന്നെ തുടര്‍ന്ന് പരാതി കൈകാര്യം ചെയ്യുന്നത്. കൊച്ചി സ്വദേശി സാന്ദ്ര തോമസിന്റെ കോടികള്‍ വിലമതിക്കുന്ന വസ്തുവകകളും കാറും മറ്റും തട്ടിയെടുത്ത ഗുണ്ടകള്‍ മുഖ്യമന്ത്രിയുടെ പേരില്‍ പണം തട്ടിപ്പ് നടത്തിയതായും ഈ ഗുണ്ടകള്‍ സി.പി.എമ്മിന്റെ ജാഥയില്‍ കൊടിപിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതാണെന്നും തോമസ് പറഞ്ഞു.
കൊച്ചിയിലെ വീട്ടമ്മയും ഇടപ്പള്ളിയിലെ കാര്‍ഷോറൂം ഉടമയും ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരേ നല്‍കിയ പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുണ്ടകള്‍ക്ക് രാഷ്ട്രീയകവചം ഒരുക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗുണ്ടാസംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാരിന്റേത്.
രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള ഗുണ്ടയാണോയെന്നൊന്നും നോക്കില്ല. തന്റെ അടുത്തു നില്‍ക്കുന്ന ആളാണെങ്കിലും സുരക്ഷിത കവചം നല്‍കില്ല. പൊലിസും ഗുണ്ടകളുമായി ബന്ധമുണ്ടോയെന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുണ്ടാവിളയാട്ടം സംസ്ഥാനത്ത് സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പൊലിസിലെ ഉന്നതരുടെ കിടമത്സരം കാരണം ഗുണ്ടകളെ പിടികൂടാനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഗുണ്ടകളുടെ പറുദീസയാണ് ഇപ്പോള്‍ കേരളം. പൊലിസിന് ഗുണ്ടകളുമായി അടുത്തബന്ധമുള്ളപ്പോള്‍ ജനങ്ങള്‍ക്ക് എങ്ങനെയാണ് നീതി ലഭിക്കുകയെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."