HOME
DETAILS

മുത്വലാഖ്: ഇസ്‌ലാമിക ശരീഅത്ത് എന്ത് പറയുന്നു

  
backup
October 25 2016 | 19:10 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b5%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b6%e0%b4%b0%e0%b5%80

വിവാഹവും കുടുംബജീവിതവും എല്ലാ മതങ്ങളും പവിത്രമായി കരുതുന്നു. കുടുംബത്തിന്റെ സംവിധാനങ്ങളെക്കുറിച്ച് ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വിവാഹം ദൈവനിര്‍ണിതമായ വ്യവസ്ഥയാണെങ്കിലും ഓരോ വിവാഹ(നികാഹ്)വും ഒരു ഉടമ്പടിയാണ്(അഖ്ദ്). ഖുര്‍ആനില്‍ വിവാഹത്തെ 'സുശക്തമായ കരാര്‍' എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ അന്ത്യം വരെയുള്ള ജീവിതത്തിനാണ് നികാഹിലൂടെ തുടക്കമിടുന്നത്.  കാലഗണന നിര്‍ണയിച്ചുള്ള നികാഹ് ഇസ്‌ലാമിക ദൃഷ്ട്യാ സ്വീകാര്യമല്ല. നികാഹിലൂടെ നിര്‍മിക്കപ്പെടുന്ന പവിത്രബന്ധം മരണം വരെ നിലനില്‍ക്കണമെന്നാണ് ഇതിന്റെ താല്‍പര്യം.

 സ്ത്രീയും പുരുഷനും പരസ്പരം അറിഞ്ഞ് സ്‌നേഹത്തിലും സഹകരണത്തിലും വിട്ടുവീഴ്ചയോടെ കഴിയുമ്പോള്‍ ആരോഗ്യമുള്ള കുടുംബമുണ്ടാവുന്നു.ഇതിന്ചിലപ്പോള്‍ ഉലച്ചില്‍ സംഭവിക്കാറുണ്ട്. ഇത്തരം അവസരങ്ങളില്‍ പെട്ടെന്ന് പൊട്ടിച്ചു കളയാനുള്ളതല്ല പവിത്രമായ ബന്ധങ്ങള്‍. സ്വാഭാവികമായി കുടുംബ ബന്ധത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ രമ്യമായി പരിഹരിക്കാനും അത് പരാജയപ്പെടുമ്പോള്‍ മാത്രം വിവാഹ ബന്ധം വേര്‍പെടുത്തി പരസ്പരം സ്വതന്ത്രരാകാനും ഇസ്‌ലാം അനുവദിക്കുന്നുണ്ട്. ഇസ്‌ലാമിക ശരീഅത്തിന്റെ വീക്ഷണത്തില്‍ വിവാഹമോചനം വാജിബ്(നിര്‍ബന്ധം), ഹറാം(നിഷിദ്ധം),  ഹലാല്‍(അനുവദനീയം), സുന്നത്ത് (ഐഛികം), കറാഹത്ത് (അനുചിതം) എന്നിങ്ങനെ വിവിധ രൂപത്തില്‍ വരാം. വിവാഹമോചനത്തെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. ഓരോ വിവാഹമോചനം നടക്കുമ്പോഴും അല്ലാഹുവിന്റെ സിംഹാസനം വിറകൊള്ളുമെന്നാണ് പ്രവാചകാധ്യാപനം. മനസുകളുടെ ഇണക്കമാണ് കുടുംബ ഭദ്രതയുടെ നിദാനം. ഇന്നു ലോകത്ത് നിലവിലുള്ള ഏറ്റവും ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ സംവിധാനമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നതെന്ന് മനോവൈകല്യവും പക്ഷപാതിത്വവും ഇല്ലാത്ത ആര്‍ക്കും മനസിലാക്കാം.

ഇസ്‌ലാം സ്ത്രീയെ അനാവശ്യമായി മൊഴിചൊല്ലി വിടുകയാണെന്ന് പ്രചരിപ്പിച്ച് താറടിക്കാനാണവരുടെ പരിശ്രമം. ഇസ്‌ലാമില്‍ വിവാഹമോചനത്തിനു മുന്‍പ് അവന് സ്വീകരിക്കേണ്ട ചില അച്ചടക്കങ്ങളും മര്യാദകളും ഉണ്ട്. കുടുംബത്തിന്റെ സംരക്ഷണ ചുമതല പുരുഷനാണ്.  കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അതു പരിഹരിക്കാന്‍ മുന്‍ കൈയെടുക്കേണ്ടതിന്റെ ഉത്തരവാദിത്വം പുരുഷനാണ്. ഇത്തരം ഘട്ടത്തില്‍ പാലിക്കേണ്ട പ്രാഥമിക അച്ചടക്ക നടപടികള്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്: 'ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക; (അത് ഫലിക്കാതെ വന്നാല്‍) ശയനസ്ഥാനങ്ങളില്‍ അവരെ വെടിയുക' ആദ്യമാര്‍ഗമായി സ്വീകരിക്കേണ്ട മാര്‍ഗമിതാണ്. സ്ത്രീസഹജമായി വന്നുചേരാന്‍ ഇടയുള്ള അവിവേകങ്ങളെ ഉപദേശിച്ചു നേരെയാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. എന്നിട്ടും ശരിപ്പെടുന്നില്ലെങ്കില്‍ കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കാനാണ് ഖുര്‍ആനിക കല്‍പന.

തികച്ചും മനഃശാസ്ത്ര പരമായ ഒരുസമീപനമാണിതെന്നു ആധുനിക സൈക്കോളജിസ്റ്റുകള്‍ പോലും സമ്മതിക്കുന്ന വസ്തുതയാണ്. ഇങ്ങനെ അകന്നു കഴിയേണ്ടി വന്നത് തന്റെ തെറ്റായ നിലപാട് കൊണ്ടാണല്ലോ എന്ന് ചിന്തിക്കാന്‍ ഈ ബഹിഷ്‌കരണം സ്ത്രീകള്‍ക്ക് പ്രചോദനമാകും.തന്റെ ശരീരത്തെ തന്റെ ഭര്‍ത്താവിനു വേണ്ടാതായി എന്ന ബോധ്യം ഒരു സ്ത്രീക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്. ഒരു പരിധിവരെ ഇത് വിട്ടുവീഴ്ചയിലേക്കു നയിക്കും.

വിവാഹമോചനത്തിന് ശ്രമിക്കും മുന്‍പ് വിഷയങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള വഴികള്‍ തേടണമെന്ന് ഖുര്‍ആന്‍ പറയുന്നു:'അവരിരുവര്‍ക്കുമിടയില്‍ പിളര്‍പ്പുണ്ടാകുമെന്ന് ഭയപ്പെട്ടാല്‍ അവന്റെയും അവളുടെയും ബന്ധുക്കളില്‍ നിന്ന് ഓരോ പ്രതിനിധിയെ നിങ്ങള്‍ അയക്കുക. അവര്‍ രണ്ടുപേരും സന്ധിയുണ്ടാക്കണമെന്നുദ്ദേശിക്കുന്നപക്ഷം അല്ലാഹു അവരെ തമ്മില്‍ യോജിപ്പിക്കുന്നതാണ്'(4:35). ഇങ്ങനെ കുടുംബകാരണവന്മാര്‍ ശ്രമിച്ചിട്ടും ഫലിക്കാതെ വന്നാല്‍ പുരുഷന് ത്വലാഖ് ചൊല്ലാം. അത് ശുദ്ധികാലത്തായിരിക്കണം. ത്വലാഖ് ചൊല്ലിയാല്‍ ശരിയാകുമെങ്കിലും ആര്‍ത്തവകാലത്ത് ത്വലാഖ് ചൊല്ലാന്‍ പാടില്ല.

 ഇങ്ങനെ വിവാഹ മോചനം നടത്തിയാലും ഇദ്ദയുടെ കാലത്ത് ഭാര്യ ഭര്‍ത്താവിന്റെ സംരക്ഷണത്തില്‍ താമസിക്കണം. ആര്‍ത്തവമുള്ള സ്ത്രീയാണെങ്കില്‍ മൂന്നു ശുദ്ധികാലമാണ് അവളുടെ ഇദ്ദ കാലം. അതിനിടയിലെപ്പോഴെങ്കിലും മാനസാന്തരമുണ്ടായാല്‍ ഭാര്യയെ തിരിച്ചെടുക്കാം. ഇദ്ദ കഴിഞ്ഞ് ഭാര്യയെ വേണമെന്ന് തോന്നിയാല്‍ പുതുതായി നിക്കാഹ് നടത്താം. ഇങ്ങനെ ഘട്ടം ഘട്ടമായാണ് വിവാഹമോചനാധികാരം വിനിയോഗിക്കേണ്ടത്. എന്നാല്‍ മൂന്നാമത്തെ തവണ ത്വലാഖ് ചൊല്ലിയാല്‍ മടക്കിയെടുക്കാന്‍ പാടില്ല. മാത്രമല്ല, വീണ്ടും വിവാഹം കഴിക്കാനും പറ്റുകയില്ല. അവളെ മറ്റാരെങ്കിലും വിവാഹം കഴിക്കുകയും ശരിയായ രൂപത്തില്‍ ശാരീരിക ബന്ധം പുലര്‍ത്തിയ ശേഷം വിവാഹമോചനം നടത്തുകയും ചെയ്താല്‍ മാത്രമേ ആ സ്ത്രീയെ ആദ്യത്തെ ഭര്‍ത്താവിന് അനുവദനീയമാവുകയുളളൂ. വിശുദ്ധ ഖുര്‍ആന്‍ ഇവ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കോപം കൊണ്ടോ മറ്റോ മൂന്ന് ത്വലാഖും ചൊല്ലിയാല്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് വന്ന് ചേരുമെന്ന് ഭയമുള്ള പുരുഷന്‍ അത്തരം നിലപാടുകളില്‍ പിന്മാറിയേക്കാമെന്നതിനാലാണ് ഇത്തരം യുക്തിഭദ്രമായ സമീപനം ഇസ്‌ലാം സ്വീകരിച്ചത്.

 മൂന്നു ത്വലാഖാണ് ഇസ്‌ലാം അനുവദിച്ചിട്ടുള്ളത്. ഇങ്ങനെ മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലുന്നതിന്റെ പേരാണ് മുത്വലാഖ്. ഇതു ഒറ്റയിരുപ്പില്‍ ചൊല്ലേണ്ടതല്ല. ചിലരുടെ പ്രതികരണം കണ്ടാല്‍ ഇസ്‌ലാം മുത്വലാഖിന് ആജ്ഞാപിച്ച പോലെയാണ് തോന്നുക. അത് അവരുടെ വിവരക്കേട് കൊണ്ടാണ്. ഒറ്റത്തവണയായി ഈ മൂന്നവസരവും ഉപയോഗിച്ചവരെ നബി തങ്ങള്‍ ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഇമാം നസാഈ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ''ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലിയ ഒരാളെപ്പറ്റി ഞങ്ങള്‍ തിരുദൂതരോട് പറഞ്ഞു. അത് കേട്ട് അവിടുന്ന് കോപാകുലനായി എഴുന്നേറ്റ് ചോദിച്ചു: 'ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉള്ളപ്പോള്‍ തന്നെ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് കളിക്കുകയാണോ?' അനുചരന്മാരില്‍ ഒരാള്‍ എഴുന്നേറ്റ് 'തിരുദൂതരേ, ഞാനയാളെ വധിച്ചു കളയട്ടെ' എന്നുപോലും ചോദിച്ചുപോയി''. അനുവദനീയമാണെങ്കിലും അതിലുള്ള ഗൗരവം വ്യക്തമാക്കുന്നതാണ് ഈ ഹദീസ്.

  വിവാഹമോചനത്തിന്റെ വാചകം പറയുമ്പോള്‍ ഒന്നെന്നോ രണ്ടെന്നോ മൂന്നെന്നോ ഉദ്ദേശിച്ചാല്‍ അത്രയും സാധുവാകും. നിശ്ചിത എണ്ണം ഉദ്ദേശിക്കാതെ വിവാഹമോചനത്തിന്റെ വാചകം പറഞ്ഞാല്‍ ഒന്നു മാത്രം സംഭവിക്കുന്നതാണ്. ത്വലാഖിനെ പൊതുവായും മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലലിനെ പ്രത്യേകമായും നിരുത്സാഹപ്പെടുത്തേണ്ടതാണ്. റുകാന ഇബ്‌നു അബ്ദിയസീദ്(റ) തന്റെ ഭാര്യയായ സുഹൈമത്തിനെ 'അല്‍ബത്ത' എന്ന പദമുപയോഗിച്ചു ത്വലാഖു ചൊല്ലി. അദ്ദേഹം അതിനെക്കുറിച്ച് പ്രവാചക(സ)യെ അറിയിക്കുകയും ഒരു ത്വലാഖ് മാത്രമേ ഉദ്ദേശിച്ചുള്ളു എന്നു പറയുകയും ചെയ്തു.

നിങ്ങള്‍ ഒറ്റ (ത്വലാഖു) മാത്രമെ ഉദ്ദേശിച്ചുള്ളൂവെന്നു അല്ലാഹുവിനെ സാക്ഷ്യമാക്കുന്നോ? എന്നു നബി(സ) തിരിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു : അതെ നബിയേ ഞാന്‍ അല്ലാഹുവിനെ സാക്ഷ്യമാക്കുന്നു. ഞാന്‍ ഒറ്റ (ത്വലാഖ്) അല്ലാതെ ഉദ്ദേശിച്ചിട്ടില്ല. അതിനാല്‍ അല്ലാഹുവിന്റെ ദൂതന്‍ (സ) അവളെ അദ്ദേഹത്തിന് മടക്കിക്കൊടുത്തു (മുസ്‌ലിം). അല്‍ബത്ത എന്ന പദം ഒന്നിനും മൂന്നിനും ഉപയോഗിക്കാമെന്നും മൂന്ന് ഉദ്ദേശിച്ച് പറഞ്ഞാല്‍ മൂന്നും സംഭവിക്കുമെന്നും ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി ശറഹ് മുസ്‌ലിമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒറ്റയിരുപ്പില്‍ മൂന്നു ചൊല്ലിയാലും ഒന്നേ സംഭവിക്കുകയുള്ളൂവെങ്കില്‍ ഒന്നു മാത്രമേ താന്‍ ഉദ്ദേശിച്ചിട്ടുള്ളൂവെന്ന് റുകാന(റ)യെ കൊണ്ട് സത്യം ചെയ്യിക്കേണ്ട ആവശ്യമില്ലല്ലോ? ഇക്കാര്യത്തില്‍ ഉമര്‍ (റ)ന്റെ കാലത്ത് സ്വഹാബത്തിന്റെ ഏകോപനം ഉണ്ടായിട്ടുമുണ്ട്.  ഒരേ സമയം മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ മൂന്നു ത്വലാഖും സംഭവിക്കുമെന്നാണ് നാലു മദ്ഹബിന്റെ പണ്ഡിതരുടേയും വീക്ഷണം.

ചില വിവാഹമോചനക്കേസുകളില്‍ ഭര്‍ത്താവില്‍ നിന്നും ശാശ്വതമോചനം ലഭിക്കാന്‍ മൂന്ന് ത്വലാഖും വേണമെന്ന് സ്ത്രീകള്‍ തന്നെ ആവശ്യപ്പെടാറുണ്ട്. ഭര്‍ത്താവുമായി മടങ്ങിയുള്ള ജീവിതം ആഗ്രഹിക്കാത്ത സ്ത്രീകള്‍ക്ക് അത്തരം ഘട്ടങ്ങളില്‍ മുത്വലാഖ് അനുഗ്രഹീതമാണ്. വിവാഹമോചനത്തിന് മൂന്ന് ത്വലാഖ് തന്നെ ചൊല്ലണമെന്നില്ല. ഒരു ത്വലാഖ് ചൊല്ലിയാലും വിവാഹമോചനം സാധുവാണ്. മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ ഭാവി നശിക്കുമെന്നത് ശരിയല്ല. അവരെ മറ്റൊരാള്‍ക്ക് പുനര്‍വിവാഹം ചെയ്യുന്നതിന് ഒരുതടസവുമില്ല. ഇത് പുനര്‍വിവാഹം അനുവദനീയമല്ലാത്ത മതങ്ങളുടെ വ്യക്തിനിയമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ ഉന്നതസ്ഥാനത്ത് നില്‍ക്കുന്ന നിയമമാണ്.

ചുരുക്കത്തില്‍ ഇസ്‌ലാമിക ശരീഅത്തിന്റെ വീക്ഷണത്തില്‍ മൂന്ന് ത്വലാഖാണ് അനുവദനീയമായത്. അത് ഒറ്റയടിക്ക് ചെയ്യല്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഒരാള്‍ അങ്ങിനെ ഒറ്റയടിക്ക് മൂന്ന് ത്വലാഖും ചൊല്ലിയാല്‍ അവന്റെ മൂന്ന് ത്വലാഖും സംഭവിക്കും. അവര്‍ പിന്നീട് മേല്‍സൂചിപ്പിച്ച പോലെയല്ലാതെ ഒന്നിക്കാന്‍ പറ്റില്ല. അല്ലാഹുവിന്റെ നിയമത്തിനെ അംഗീകരിക്കുന്നവര്‍ക്കും ജീവിതവിശുദ്ധി വേണമെന്ന് തോന്നുന്നവര്‍ക്കുമാണ് ഇത് ബാധകം. അല്ലാത്തവര്‍ക്ക് അങ്ങിനെ ജീവിക്കാം. അത് മുസ്‌ലിം പൊതുസമൂഹത്തിന്റെ മേല്‍ കെട്ടിവയ്ക്കരുത്.  

ഇത്തരം വിഷയങ്ങളെ കുറിച്ച് പഠിക്കാതെ കേവലഅധരവ്യയം നടത്തി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് നിര്‍ത്തുകയും ആരോഗ്യപരമായ ചര്‍ച്ചകള്‍ നടത്തുകയുമാണ് വേണ്ടത്. സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി മതനിയമങ്ങളെ കൊച്ചാക്കുന്നതും വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നതും കടുത്തപാതകം തന്നെയാണ്.

(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററാണ് ലേഖകന്‍)

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago