ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തനം ആരുമറിയുന്നില്ലെന്ന് ആക്ഷേപം
കൊണ്ടോട്ടി: മദ്‌റസാ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂളിന്റെ നിലനില്‍പ്പ് സര്‍ക്കാറും പഞ്ചായത്തും അറിയുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ജൂണ്‍ 12 മുതലാണ് മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ പുതിയോടത്ത് പറമ്പിലെ ഇഹ്‌യാഉല്‍ ഉലൂം സെകക്കന്‍ഡറി മദ്‌റസ കെട്ടിടത്തിലേക്ക് മാറ്റിയത്.
ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സ്‌കൂള്‍ കഴിഞ്ഞ ജൂണ്‍ എട്ടിന് അടച്ചു പൂട്ടിയത്. എന്നാല്‍ നാലുമാസമായിട്ടും സ്‌കൂളിന്റെ പ്രവര്‍ത്തനം ആരും അറിയുന്നില്ല.
മദ്‌റസയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് വാടക പോലും നല്‍കുന്നില്ല. സര്‍ക്കാര്‍ തീരുമാനം ലഭിച്ചില്ലെന്ന് പറഞ്ഞ് പഞ്ചായത്തും കൈകഴുകുന്നു. ഈ അധ്യായനം വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പ് സ്‌കൂളിന് സ്ഥിരം സംവിധാനം കണ്ടെത്തിയില്ലെങ്കില്‍ മദ്‌റസയിലെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരും.ഇത് സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങള്‍ മദ്‌റസ കമ്മിറ്റിക്കുണ്ടെന്ന് സെക്രട്ടറി മൊയ്തീന്‍ മൗലവി പറഞ്ഞു. മദ്‌റസയുടെ കെട്ടിടം താല്‍ക്കാലികമാണെന്നും വൈകാതെ പരിഹാരം കാണുമെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തും അധികൃതരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മദ്‌റസ കെട്ടിടം താല്‍ക്കാലികമായി നല്‍കിയത്. പിന്നീട് സ്‌കൂള്‍ പി.ടി.എ യോഗത്തില്‍ വൈദ്യുത ബില്ല് സ്‌കൂള്‍ അധികൃതര്‍ അടച്ചുവരുന്നുണ്ട്. മദ്‌റസയുടെ സൗകര്യങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വാടകയും മറ്റും നല്‍കുന്നില്ല. ഇതും സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന വാര്‍ഡ് സഭയില്‍ ചോദ്യം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനം ലഭിച്ചില്ലെന്നും ഉത്തരവില്ലാതെ ഒന്നും ചെയ്യാനാവില്ലെന്നുമാണ് പഞ്ചായത്ത് അധികൃതരില്‍ നിന്ന് മറുപടി ലഭിച്ചത്.
സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ച് ജൂണില്‍ തന്നെ സര്‍ക്കാര്‍ വിജ്ഞാപനം കലക്ടറേറ്റില്‍ എത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളൊന്നും നാലു മാസത്തിനിടെ നടന്നിട്ടില്ല. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെയും,റവന്യൂ വകുപ്പിന്റെയും സംയുക്തമായ ഇടപെടലുകളാണ് ആവശ്യം. അടച്ചു പൂട്ടിയ സ്‌കൂളിന്റെ രേഖളും, കംപ്യൂട്ടറടക്കമുള്ളവയും കൊണ്ടോട്ടി എ.ഇ ഓഫീസിലാണുള്ളത്. കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്താന്‍ വരെ അധ്യാപകര്‍ സമാന്തര മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്. എ.ഇ.ഒ മുഖേനയാണ് അധ്യാപകരുടെ ശമ്പള വിതരണം നടക്കുന്നത്. കാലപ്പഴക്കമുളള സ്‌കൂളായതിനാല്‍ ദിനേന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അടക്കം തേടി എത്തുന്നവര്‍ രേഖകള്‍ തേടി കൊണ്ടോട്ടി എ.ഇ.ഓഫീസിലെത്തേണ്ട അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."