യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിന് പരാതി നല്കി
കല്‍പ്പറ്റ: കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത റോഡ് നിര്‍മാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാലി റാട്ടക്കൊല്ലി വിജിലന്‍സ് ഡിവൈ.എസ്.പിക്ക് പരാതി നല്കി. കല്‍പ്പറ്റ-പിണങ്ങോട് ജങ്ഷനില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തതിലെ അഴിമതി സംബന്ധിച്ചാണ് പരാതി നല്‍കിയത്.
കരാറുകാരന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ സ്വാധീനിച്ചും മറ്റും തോന്നിയ പോലെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഹൈവേ തുടങ്ങുന്ന കല്‍പ്പറ്റ പിണങ്ങോട് ജങ്ഷനിലും തുര്‍ക്കി ഭാഗത്ത് തിരിയുന്ന ജങ്ഷനിലും ഇന്റര്‍ലോക്ക് ഇടാനും ബാക്കിയുള്ള ഭാഗം ടാറിങ് നടത്താനുമാണ് എസ്റ്റിമേറ്റിലും മറ്റും വ്യവസ്ഥ ചെയ്തിരിക്കുന്നത്.
എന്നാല്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നിയമവിരുദ്ധമായിട്ടാണ് പണി പൂര്‍ത്തീകരിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍, ടെലിഫോണ്‍ കേബിളുകള്‍ എന്നിവ ഇപ്പോള്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡിനടിയിലൂടെ പോകുന്നുണ്ട്.
അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വന്നാല്‍ കോണ്‍ക്രീറ്റ് കുത്തിപ്പൊളിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുമ്പോള്‍ സാധാരണ റോഡിനടിയിലൂടെ ജി.എസ്.പി മെറ്റീരിയലാണ് ഇടേണ്ടത്. എന്നാല്‍ കരാറുകാരന് 1000 രൂപ മാത്രം വിലയുള്ള ക്വാറി വെയ്സ്റ്റ് ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയതെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജില്ലാകലക്ടര്‍, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."