ഭാര്യപിതാവിനെ വധിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
ഇരിങ്ങാലക്കുട: ഭാര്യ പിതാവിനെ വധിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എടവിലങ്ങ് കാര കാതിയാളം പോളക്കുളത്ത് സുനിലി(37)നെയാണ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടയ്ക്കുവാനും രണ്ടാം പ്രതി സഹോദരന് സുധിയെ ഒരു മാസം തടവിനും ആയിരം രൂപ പിഴയട്ക്കുവാനും ഇരിങ്ങാലക്കുട അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഗോപകുമാര്‍ ശിക്ഷ വിധിച്ചത്.
സുനില്‍ ഭാര്യയായ സബിതയെ ദേഹോപദ്രവമേല്‍പ്പിക്കുക പതിവായിരുന്നു. 2012 ഒക്ടോബര്‍ ആറിന് കുടുംബ വഴക്കിനെ തുടര്‍ന്ന് സുനില്‍ സബിതയെ ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു. ഇതെ തുടര്‍ന്ന് സബിതയുടെ അച്ചന് എസ്.എന്‍പുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ ഐനിക്കല്‍ ബാബു ഇടപെടുകയും മകളെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് സബിതയുടെ മൂത്തമകനേയും സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുപോയി. പിന്നിട് ഇളയ മകനെ കൂട്ടികൊണ്ടുപോകാന് വീട്ടിലേക്ക് ചെന്നതിലുള്ള വൈരാഗ്യം വെച്ച് സുനിലും സഹോദരന് സുധി (39)യും ചേര്‍ന്ന് ബാബുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ നവംബര്‍ ഏഴിന് രാത്രി എട്ടരയോടെ കാര കാതിയാളം ദേശത്ത് സുധിയുടെ വീടിന് സമീപം ബാബുവിനെ തടഞ്ഞ് നിര്‍ത്തി അടിച്ചും കടിച്ചും പരുക്കേല്പിക്കുകയും സുനില്‍ തന്റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് ബാബുവിന്റെ വയറ്റിലും ഇടത് കൈയ്യുടെ റിസ്റ്റിന് മുകളിലും നെഞ്ചിലും കുത്തി പരുക്കേല്പിച്ചു. ആന്തരികാവയവങ്ങള്‍ പുറത്തുവന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബാബു മരണപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂര്‍ സി.ഐ. എം സുരേന്ദ്രനും എസ്.ഐ പി.കെ പത്മരാജനുമായിരുന്നു കേസന്വേഷിച്ച് കുറ്റപത്രം സമര്‍പിച്ചത്. കേസില്‍ 21 സാക്ഷികളെ വിസ്തരിക്കുകയും ഒമ്പത് തൊണ്ടിമുതലുകള്‍ മാര്‍ക് ചെയ്യുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സജി റാഫേല്‍ ടി ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."