സിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; 170 സൈനികര്‍ കൊല്ലപ്പെട്ടു
ദമസ്‌കസ്: സിറിയയിലെ ദീര്‍ അസ്സൂറില്‍ കനത്ത ആക്രമണത്തില്‍ 170 സര്‍ക്കാര്‍ അനുകൂല സൈനികര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വിമതരും സര്‍ക്കാര്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാണെന്ന് സിറിയന്‍ ഒബ്്‌സര്‍വേറ്ററി ഗ്രൂപ്പ് അറിയിച്ചു. ഐ.എസ് നിയന്ത്രണത്തിലുള്ള ചില പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചെന്ന് സര്‍ക്കാര്‍ സേന അവകാശപ്പെട്ടു. എന്നാല്‍ നഗരത്തിന്റെ നിയന്ത്രണം ഐ.എസിന് നഷ്ടമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയന്‍ പ്രശ്‌നം സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും തമ്മില്‍ സഊദിയില്‍ നടത്തുന്ന ചര്‍ച്ചക്കിടെയാണ് സിറിയയില്‍ ആക്രമണം രൂക്ഷമായത്.
സിറിയയിലെ ആക്രമണം അവസാനിപ്പിക്കാന്‍ ആവശ്യമായ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തെ രംഗത്തിറക്കാനാണ് ജോണ്‍ കെറി യു.എസിലെത്തിയത്. നേരത്തെ വിയന്നയില്‍ യൂറോപ്യന്‍ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ, 26 സര്‍ക്കാര്‍ അനുകൂല സൈനികരെ കൊലപ്പെടുത്തിയതായി ഐ.എസ് അവകാശപ്പെട്ടു. ഐ.എസ് പിടിച്ചെടുത്ത അല്‍ അസദ് ആശുപത്രിയിലെ ജീവനക്കാരെയും ഐ.എസ് ബന്ദികളാക്കിയിരുന്നു. ശനിയാഴ്ചയാണ് ആശുപത്രി പിടിച്ചെടുത്ത് ജീവനക്കാരെ ഐ.എസ് ബന്ദികളാക്കിയത്. എണ്ണസമ്പന്നനഗരമായ ദീര്‍ അസ്സൂറിലെ വ്യോമത്താവളവും ഐ.എസ് നിയന്ത്രണത്തിലാണ്.
ആശുപത്രി പരിസരത്ത് ഐ.എസും സര്‍ക്കാര്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ആശുപത്രി പിടിച്ചെടുത്ത ഐ.എസുകാര്‍ മെഡിക്കല്‍ ജീവനക്കാരെ ബന്ദികളാക്കുകയായിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. പ്രദേശത്തെ ചെക്‌പോസ്റ്റിന്റെയും ഫയര്‍സ്റ്റേഷന്റെയും സര്‍വകലാശാലയുടെയും നിയന്ത്രണം പിടിച്ചെടുത്തതായി ഐ.എസ് അനുകൂല വാര്‍ത്താ ഏജന്‍സിയായ അമാഖ് റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിനോട് ചേര്‍ന്ന കിഴക്കന്‍ സിറിയയിലെ പ്രദേശത്താണ് ഇത്.
സര്‍ക്കാര്‍ പിടിച്ചെടുത്ത സൈനിക വിമാനത്താവളത്തിന്റെ നിയന്ത്രണവും തങ്ങള്‍ ഏറ്റെടുത്തതായി ഐ.എസ് അവകാശപ്പെട്ടു. ദീര്‍ അസ്സൂറിന്റെ 60 ശതമാനം പ്രദേശവും ഐ.എസ് നിയന്ത്രണത്തിലാണ്. നഗരത്തിന്റെ മധ്യഭാഗവും വടക്കന്‍ മേഖലയിലുമാണ് ശക്തമായ ഐ.എസ് സാന്നിധ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."