തോല്‍പ്പെട്ടി വന്യജീവി സങ്കേതം തുറക്കാന്‍ നടപടികളായില്ല
തോല്‍പ്പെട്ടി: ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ തോല്‍പ്പെട്ടി വന്യജീവി സങ്കേതം വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. പ്രശ്‌നം തീര്‍ക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരവധി തവണ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തെങ്കിലും ചില ഡ്രൈവര്‍മാരുടെ പിടിവാശി കാരണം സങ്കേതം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ യോഗം പിരിയുകയായിരുന്നു. ജില്ലയിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വന്യജീവി സങ്കേതം അടഞ്ഞ് കിടക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തുന്നതോടൊപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നിരവധി സഞ്ചാരികളാണ് സങ്കേതം സന്ദര്‍ശിക്കാനാകാതെ നിരാശയോടെ മടങ്ങുന്നത്.
രാവിലെ 40 ടോക്കണുകളും വൈകുന്നേരം 20 ടോക്കണുകളുമാണ് സഞ്ചാരികള്‍ക്കായി നല്‍കുന്നത്. കാന സവാരിക്ക് ഇണങ്ങുംവിധം പച്ച പെയിന്റടിച്ച ടാക്‌സി ജീപ്പുകള്‍ക്കാണ് വനത്തില്‍ സഞ്ചാരികളുമായി പ്രവേശിക്കാന്‍ വനം വകുപ്പ് അനുമതി നല്‍കിയിരുന്നത്. ഇത്തരത്തിലുള്ള 28 ജീപ്പുകളാണ് സങ്കേതത്തിലുള്ളത്. അവധി ദിവസങ്ങളിലും മറ്റും സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാനായി മറ്റ് ടാക്‌സി ജീപ്പുകളും സങ്കേതത്തില്‍ പ്രവേശിപ്പിക്കാറുണ്ട്.
പച്ച പെയിന്റടിച്ച ജീപ്പുകള്‍ വനത്തിലേക്ക് പോയ ശേഷം മാത്രമെ മറ്റ് ടാക്‌സി ജീപ്പുകള്‍ സാധാരണയായി കടത്തിവിടാറുള്ളത്. ഈ തീരുമാനത്തിന് വിരുദ്ധമായി പ്രാദേശികരായ ചില ഡ്രൈവര്‍മാര്‍ പച്ച ജീപ്പുകള്‍ക്കൊപ്പം വെള്ള പെയിന്റടിച്ച ജീപ്പുകളും കടത്തിവിടണമെന്ന് ആവശ്യമുന്നയിച്ചു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തതും നവമി അവധി ദിവസമായ ഒക്ടോബര്‍ 11ന് വന്യജീവി സങ്കേതം അടച്ചിടാന്‍ വനം വകുപ്പ് തീരുമാനിച്ചതും. ദീപാവലി അവധി കൂടി അടുത്തതോടെ സഞ്ചാരികളുടെ പ്രവാഹമായിരിക്കും തോല്‍പ്പെട്ടിയിലേക്ക്. എന്നാല്‍ ചില ഡ്രൈവര്‍മാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിര്‍ബന്ധബുദ്ധി സങ്കേതം തുറക്കുന്നതിന് വിഘാതമായെന്നാണ് ആരോപണമുയരുന്നത്. കര്‍ണ്ണാടകയിലെ നാഗര്‍ഹോളയിലും, തമിഴ്‌നാട്ടിലെ മുതുമലയിലും വനംവകുപ്പ് ഏര്‍പ്പെടുത്തിയത് പോലെ സഞ്ചാരികള്‍ക്കായി ബസ് സൗകര്യം സജീകരിക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന അഭിപ്രായവുമുയര്‍ന്നിട്ടുണ്ട്.
ഇ.ഡി.സി ഫണ്ട് ഉപയോഗിച്ച് മുത്തങ്ങയിലേക്കും തോല്‍പ്പെട്ടിയിലേക്കും ബസ് വാങ്ങണമെന്ന വനംവകുപ്പ് നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയിലാണ്. സങ്കേതം അടച്ചിട്ടത് സര്‍ക്കാര്‍ ഖജനാവിനും കനത്ത നഷ്ട്ടമാണ് വരുത്തുന്നത്. 110 രൂപയാണ് ഒരാള്‍ക്ക് പ്രവേശന ഫീസായി ഈടാക്കുന്നത്. വിദേശികള്‍ക്ക് ഇരട്ടി തുകയും.
കൂടാതെ സഞ്ചാരികളുമായി സഫാരിക്ക് പോകുന്ന ജീപ്പുകളുടെ വരുമാനത്തെയും സങ്കേതത്തിന് സമീപത്തെ ചെറുകിട കച്ചവടക്കാരെയും സങ്കേതം അടച്ചിട്ടത് പ്രതികൂലമായി ബാധിക്കുകയാണ്. രാഷ്ട്രീയ നേതൃത്വം ഇടപ്പെട്ട് സങ്കേതം തുറപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."