റേഷന്‍ കാര്‍ഡ് കരട് പട്ടിക അര്‍ഹര്‍ പുറത്ത്: അനര്‍ഹര്‍ അകത്ത്
കല്‍പ്പറ്റ: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍കാര്‍ഡ് പുതുക്കി നല്‍കുന്നതിന് പ്രസിദ്ധീകരിച്ച ജില്ലയിലെ റേഷന്‍ കാര്‍ഡുടമകളുടെ കരട് പട്ടികയിലെ തെറ്റുകള്‍ പൊതുജനത്തിന് ദുരിതമാകുന്നു. നിലവില്‍ ബി.പി.എല്‍ കാര്‍ഡുള്ളവരും അര്‍ഹരായവരുമായ നിരവധി കാര്‍ഡുടമകളാണ് പുതിയ പട്ടികയില്‍ നിന്നു പുറത്തായിരിക്കുന്നത്. അതേ സമയം അനര്‍ഹരായ നൂറുകണക്കിന് ആളുകള്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പെട്ടതായും പരാതിയുണ്ട്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ പടിഞ്ഞാറത്തറ-ഞേര്‍ലേരി സ്വദേശി മണ്ടോക്കര റഫീഖ് മുമ്പ് ബി.പി.എല്‍ കാര്‍ഡ് ഉടമയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ബി.പി.എല്‍ അര്‍ഹതയുള്ള റഫീഖിന് റേഷന്‍ കാര്‍ഡ് അനുവദിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച പുതിയ പട്ടികയില്‍ ഇയാള്‍ മുന്‍ഗണന രഹിത വിഭാഗത്തിലാണ് ഉള്‍പെട്ടിട്ടുള്ളത്. മാസത്തില്‍ 5000 രൂപയുടെ മരുന്ന് കഴിക്കുന്ന റഫീഖിന് ഇതോടെ ചികിത്സക്കായി മെഡിക്കല്‍ കോളജിലും മറ്റും ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ ഡയാലിസിസ് ചെയ്യുന്നവരാണോ എന്നു മാത്രമാണ് പൂരിപ്പിക്കാനുള്ളതെന്നും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ ജീവന്‍ നിലനിര്‍ത്താന്‍ മാസത്തില്‍ വലിയ തുകക്കുള്ള മരുന്നു വാങ്ങുന്നവരാണെന്നും റഫീഖ് പറയുന്നു. ഇനി ഇതിനെതിരേ പരാതി നല്‍കാന്‍ ആവശ്യമായ രേഖകളുണ്ടാക്കാന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങണം. പരാതി നല്‍കാനുള്ള തിയതി നീട്ടിയെങ്കിലും പഞ്ചായത്ത്, വില്ലേജ് എന്നിവിടങ്ങില്‍ നിന്ന് രേഖകള്‍ ലഭിക്കാനുള്ള കാലതാമസം അര്‍ഹരായ നിരവധി പേര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ ഇടയാക്കും. പൂര്‍ണാര്‍ഥത്തില്‍ ഭക്ഷ്യ സുരക്ഷക്ക് അര്‍ഹതയുള്ള നൂറുകണക്കിന് പേരാണ് ജില്ലയില്‍ ഇത്തരത്തില്‍ മുന്‍ഗണന രഹിത ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ളത്.
ഈമാസം 20നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വെള്ളിയാഴ്ച തന്നെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലായി നിരവധി പരാതികളാണ് ലഭിച്ചത്. പരാതി നല്‍കാനുള്ള അവസാന തിയതി നവംബര്‍ അഞ്ചിലേക്ക് നീട്ടിയിട്ടുണ്ട്. ഇത് പരാതിക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടാക്കാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."