മീനച്ചിലാര്‍ തീരത്തെ കൈയേറ്റം: സര്‍വേ ജോലികള്‍ ആരംഭിച്ചു
ഏറ്റുമാനൂര്‍: മീനച്ചിലാര്‍ തീര പ്രദേശത്തെ കയ്യേറ്റം കണ്ടുപിടിക്കുന്നതിനായി സര്‍വ്വെ ജോലികള്‍ ആരംഭിച്ചു. പേരൂര്‍ പൂവത്തുംമൂട് കടവിലുള്ള ഗവ. സൗത്ത് എല്‍.പി. സ്‌കൂളിനടുത്ത് നിന്ന് ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്ഥലം അളക്കല്‍ ആരംഭിച്ചത്.
ഏകദേശം 200 മീറ്റര്‍ നീളത്തില്‍ ഇന്നലെ അളന്നു തിരിച്ചു. പുറംപോക്കില്‍ നിന്നിരുന്ന മരങ്ങള്‍ വെട്ടി മാറ്റിയതായി ആദ്യ ഘട്ട സര്‍വ്വേയില്‍ തന്നെ കണ്ടെത്തി.
കോട്ടയം താലൂക്ക് ഓഫിസില്‍ നിന്ന് മൂന്ന് സര്‍വ്വെയര്‍മാരും പേരൂര്‍ വില്ലേജ് ഓഫീസറും ആണ് അളവു ജോലികള്‍ക്ക് നേതൃത്വം നല്‍കിയത്. പേരൂര്‍ വില്ലേജ് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരും ഏറ്റുമാനൂര്‍ നഗരസഭയില്‍ നിന്ന് സെക്രട്ടറിയുടെ പ്രതിനിധിയായി എത്തിയ ഉദ്യോഗസ്ഥനും ഇവര്‍ക്ക് സഹായത്തിനുണ്ട്. അളവ് തുടങ്ങിയപ്പോള്‍ സ്ഥലത്തെത്തിയ പൊലിസ് പിന്നീട് മടങ്ങി. ഇന്നലെ വൈകിട്ട് 4.30 മണിയോടെ അളവ് അവസാനിപ്പിച്ചു. സര്‍വ്വെ ജോലികള്‍ അടുത്ത ദിവസങ്ങളിലും തുടരും. കിണറ്റുംമൂട് ഭാഗത്തേക്ക് നീങ്ങുമ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്.
ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലറായ അനീഷ്.പി.നാഥ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. അതേസമയം വിവാദ ഭൂമി സ്ഥിതിചെയ്യുന്ന പതിനെട്ടാം വാര്‍ഡിലെ കൗണ്‍സിലര്‍ ഇതുവരെ സ്ഥലത്തെത്തിയില്ല. കയ്യേറ്റക്കാരില്‍ ഒരാള്‍ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായതിനാല്‍ സര്‍വ്വെ ജോലികളോട് ഇദ്ദേഹം വിമുഖത കാണിക്കുകയാണെന്നാണ് പരാതി.
നേരത്തെ പുറമ്പോക്ക് അളക്കാനുള്ള നടപടികളോട് നഗരസഭ സഹകരിക്കാതിരുന്നതും ഈ കൗണ്‍സിലറുടെ ഇടപെടല്‍ മൂലമായിരുന്നുവെന്നും ആരോപണമുണ്ട്.
കാട് വെട്ടി തെളിക്കുന്നതിനും മറ്റുമായി അഡീഷണല്‍ തഹസില്‍ദാരുടെ നിര്‍ദ്ദേശാനുസരണം രണ്ട് പണിക്കാരെ നഗരസഭ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ വേണ്ടത്ര ആയുധങ്ങള്‍ ഇല്ലാതെ എത്തിയതു ബുദ്ധിമുട്ടുളവാക്കി. സര്‍വ്വേ ബുദ്ധിമുട്ടില്ലാതെ നടക്കണമെങ്കില്‍ കൂടുതല്‍ ആളുകളെ വിട്ടു കൊടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."