മലിനീകരണമാണ് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ ഭീഷണി
മണ്ണുത്തി: പ്രകൃതി വിഭവങ്ങളുടെയും സാമൂഹ്യ സാഹചര്യങ്ങളുടെയും മലിനീകരണമാണ് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ ഭീഷണിയെന്ന് കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രന്‍ പറഞ്ഞു.
തൃശൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ നടന്ന രാജ്യത്തെ പ്രഥമ വെളിയിട വിസര്‍ജ്യ മുക്ത പഞ്ചായത്തായി കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരം നേടിയ മാടക്കത്തറ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്കുള്ള ആദരണ സംഗമവും ഉറവിടമാലിന്യ സംസ്‌കരണ പരിശീലന പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാടക്കത്തറ പഞ്ചായത്തിനു ലഭിച്ച അംഗീകാരം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഷിക സര്‍വകലാശാലക്കും അഭിമാനം പകരുന്നതാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. സമ്പൂര്‍ണ വെളിയിട വിസര്‍ജ്യ മുക്ത പഞ്ചായത്തെന്ന അംഗീകാരം അനേകം പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലൂടെ നേടിയ പഞ്ചായത്ത് ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു.
അനേക നാളത്തെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നേടിയ ദേശീയ അംഗീകാരം നിലനിര്‍ത്താനും കഠിനാധ്വാനം അനിവാര്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് വിനയന്‍ പറഞ്ഞു. ദേശീയ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ കാര്‍ഷിക സര്‍വകലാശാലാ വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ.എസ്.എസ്റ്റലിറ്റ അധ്യക്ഷയായിരുന്നു.
കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.എ.പ്രേമ സ്വാഗതവും, ഡോ.ടി.സുമന്‍ നന്ദിയും പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സര്‍വകലാശാലാ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."