ഏഴടിച്ച് റയല്‍ മാഡ്രിഡ്
മാഡ്രിഡ്: ഒന്നിനെതിരേ ഏഴു ഗോളുകള്‍ എതിരാളിയുടെ വലയില്‍ നിക്ഷേപിച്ച് സ്പാനിഷ് കിങ്സ് കപ്പില്‍ (കോപ്പ ഡെല്‍ റെ) റയല്‍ മാഡ്രിഡിന്റെ മുന്നേറ്റം. രണ്ടാം ഡിവിഷന് ക്ലബായ കള്‍ചറല്‍ ലിയോനെസയ്ക്കെതിരേയാണ് റയലിന്റെ ഗോള്‍ താണ്ഡവം. കളിയുടെ ആറാം മിനുട്ടില്‍ തന്നെ എതിരാളികള്‍ സമ്മാനിച്ച സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ റയല്‍ ആദ്യ പകുതിയില്‍ മറ്റൊരു ഗോളും കൂടി നേടി സംയമനം പാലിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ കഥ മാറി. അഞ്ചു ഗോളുകളാണ് രണ്ടാം ഘട്ടത്തില്‍ റയലിന്റെ താരങ്ങള്‍ നേടിയത്. മാര്‍ക്കോ അസെന്‍സിയോ, ആല്‍വരോ മൊറാറ്റ എന്നിവര്‍ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു. ശേഷിച്ച രണ്ടു ഗോളുകള്‍ നാചോ ഫെര്‍ണാണ്ടസും ഡയസും നേടി.
കളിയുടെ 68ാം മിനുട്ടില്‍ പ്രതിരോധ താരം നാചോ ഫെര്‍ണാണ്ടസ് നേടിയ വണ്ടര്‍ ഗോള്‍ മത്സരത്തെ ശ്രദ്ധേയമാക്കി.
ആരും മാര്‍ക്ക് ചെയ്യാനില്ലാതെ വലത് മൂലയില്‍ നിന്നു ലഭിച്ച പന്ത് സിസര്‍ കട്ടിലൂടെ താരം വലയിലാക്കിയത് സ്റ്റേഡിയം അത്ഭുതത്തോടെ നോക്കി നിന്നു.
സഹ താരം ജെയിംസ് റോഡ്രിഗസടക്കമുള്ളവര് തലയില്‍ കൈവച്ച് അവിശ്വസനീയത പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു.
2002ല്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ബയര്‍ ലെവര്‍കൂസനെതിരേ നിലവില്‍ റയലിന്റെ കോച്ചായ സിനദിന്‍ സിദാന് നേടിയ ഗോളിനോടു സാദൃശ്യമുള്ളതായിരുന്നു നാചോയുടെ വണ്ടര്‍ ഗോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."