ക്വാറിയെ ചൊല്ലി മൂന്നാംകുന്നില്‍ സംഘര്‍ഷം
ആലക്കോട്: ജനകീയ സമരങ്ങളെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നു കല്ല് നീക്കം ചെയ്യാനുള്ള ക്വാറി ഉടമകളുടെ ശ്രമം ക്വാറി വിരുദ്ധ സമര സമിതിക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. രയരോം മൂന്നാംകുന്നില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മൂന്നാംകുന്ന് തൂവേങ്ങാട് മലയിലെ ക്വാറിയില്‍ നിന്നും കല്ലുമായി വന്ന ലോറികള്‍ സമര സമിതിക്കാര്‍ റോഡില്‍ തടയുകയായിരുന്നു. ഇതോടെ സമരക്കാരും തൊഴിലാളികളും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.
പരിക്കേറ്റ ക്വാറി തൊഴിലാളി കൊയിലേരിയന്‍ കുഞ്ഞിരാമനെ (42) തളിപറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലും സമര സമിതി പ്രവര്‍ത്തകരായ ശാസ്താം കോയിക്കല്‍ മുഹമ്മദ് ഹാരിസ് (49), ബത്താലിരകത്ത് അബ്ദുള്ള ( 72), കാട്ടീരകത്ത് ആയിഷ (65) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്വാറിയുടെ പ്രവര്‍ത്തനം മൂലം സമീപവീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുവെന്ന് കാണിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു മാസമായി ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ആവശ്യമായ എല്ലാവിധ രേഖകളും നിലനില്‍ക്കെയാണ് ചില ആളുകള്‍ ക്വാറിക്കെതിരെ സമരവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ക്വാറി ഉടമകള്‍ പറയുന്നു. എന്നാല്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ക്വാറിയുടെ പ്രവര്‍ത്തനം തുടരാനുള്ള ഏത് നീക്കവും തടയുമെന്ന് സമരക്കാരും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."