ഇംഗ്ലീഷ് ലീഗ് കപ്പ്: മാഞ്ചസ്റ്റര്‍ ടീമുകളുടെ നാട്ടങ്കത്തില്‍ സിറ്റിയെ വീഴ്ത്തി യുനൈറ്റഡ്
ചെല്‍സിയെ വെസ്റ്റ് ഹാം അട്ടിമറിച്ചു
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഗ് കപ്പിന്റെ ക്വാര്‍ട്ടറില്‍
മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ പുറത്ത്
ലണ്ടന്‍: മാഞ്ചസ്റ്റര്‍ ടീമുകളുടെ നാട്ടങ്ക പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. കരുത്തരായ ചെല്‍സിയെ അട്ടിമറിച്ച് വെസ്റ്റ് ഹാം യുനൈറ്റഡും സണ്ടര്‍ലാന്‍ഡിനെ വീഴ്ത്തി സാതാംപ്ടനും ലീഗ് കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് കടന്നു.
ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- വെസ്റ്റ് ഹാമുമായും ലിവര്‍പൂള്‍- ലീഡ്‌സ് യുനൈറ്റഡുമായും ആഴ്‌സണല്‍- സതാംപ്ടനുമായും ഹള്‍ സിറ്റി- ന്യൂകാസിലുമായും ഏറ്റുമുട്ടും. അടുത്ത മാസം 29നാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍.
മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് യുനൈറ്റഡ് വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ മാസം പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ സിറ്റിയോടു തോറ്റതിനു പകരം ചോദിക്കാനും യുനൈറ്റഡിനു സാധിച്ചു. അതേസമയം ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയോടു തോല്‍ക്കുകയും പിന്നീട് പ്രീമിയര്‍ ലീഗില്‍ സതാംപ്ടനുമായി സമനില പാലിക്കുകയും ചെയ്ത് ലീഗ് കപ്പില്‍ ചിരവൈരികളോടു തോറ്റ് ക്വാര്‍ട്ടര്‍ കാണാതെ പുറത്താകേണ്ടി വന്നത് സിറ്റിക്കും കോച്ച് പെപ് ഗെര്‍ഡിയോളയ്ക്കും ക്ഷീണമായി. പ്രീമിയര്‍ ലീഗിന്റെ തുടക്കത്തില്‍ ആറു വിജയങ്ങള്‍ സ്വന്തമാക്കി മുന്നേറിയ സിറ്റി സമീപ ദിവസങ്ങളില്‍ മങ്ങിയ പ്രകടനമാണ് പുറത്തെടുക്കുന്നത്. കളിയുടെ ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയുടെ 54ാം മിനുട്ടില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിചിന്റെ ക്രോസില്‍ നിന്നു യുവാന്‍ മാറ്റയാണ് യുനൈറ്റഡിനു വിജയ ഗോള്‍ സമ്മാനിച്ചത്.
ഇരു പകുതികളിലും രണ്ടു ഗോളുകള്‍ നേടി ചെല്‍സിയെ ഞെട്ടിച്ചാണ് വെസ്റ്റ് ഹാം അവസാന എട്ടിലേക്ക് മുന്നേറിയത്. ഒരു ഗോളും മടക്കാനാകാതെ നാണംകെടുമായിരുന്ന ചെല്‍സി അവസാന നമിഷങ്ങളില്‍ ഗാരി കാഹില്‍ നേടിയ ഗോളില്‍ 2-1നു പരാജയ ഭാരം കുറച്ച് മുഖം രക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."