കുടിവെള്ളം മുട്ടി; വീട്ടമ്മമാര്‍ അധികൃതരെ ഉപരോധിച്ചു
തിരൂരങ്ങാടി: കുടിവെള്ള വിതരണത്തിലെ തടസങ്ങള്‍ക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ വാട്ടര്‍ അതോറിറ്റി അധികൃതരെ ഉപരോധിച്ചു. തിരൂരങ്ങാടി കെ.സി റോഡ് കൊയ്ലിപാടം പ്രദേശത്തെ വീട്ടമ്മമാരാണ് അസി.എന്‍ജിനീയറെ ഉപരോധിച്ചത്. ഏറെ കാലമായി പ്രദേശത്ത് കുടിവെള്ള വിതരണത്തില്‍ തടസം നേരിടുകയാണ്. പൈപ്പുകളിലെ ലീക്ക് ശ്രദ്ധയില്പെടുത്തിയ പ്രദേശവാസികള്‍ വെള്ളം ലഭിക്കുന്നില്ലെന്ന് പലതവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങളായി പല കാരണങ്ങള്‍ പറഞ്ഞ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഒഴിഞ്ഞു മാറുകയായിരുന്നുവത്രെ. കിണറില്ലാത്തതും മറ്റു വെള്ളത്തിന് സൗകര്യമില്ലാവരുമായ നിരവധി കുടുംബങ്ങളാണ് കെ.സി റോഡ് കൊയ്ലിപാടം പ്രദേശത്ത് വസിക്കുന്നത്. ഉടന്‍ പരിഹക്കാന്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും വീട്ടമ്മമാര്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്കി. പ്രശ്നം പരിഹരിക്കുമെന്ന് രേഖാമൂലം എഴുതി തരണമെന്നും വീട്ടമ്മമാര്‍ ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം പരിഹാരം കാണാമെന്ന ഉറപ്പില്‍മേല്‍ വീട്ടമ്മമാര്‍ പിരിഞ്ഞു പോവുകയായിരുന്നു.
കാലപ്പഴം ചെന്ന പൈപ്പുകളിലെ ലീക്കുകള്‍ കണ്ടെത്താന്‍ പ്രയാസമാണെന്നും പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അസി എന്‍ജിനീയര്‍ കെ. അജ്മല്‍ പറഞ്ഞു.
നഗരസഭാ കൗണ്‍സിലര്‍മാരായ നൗഫല്‍ തടത്തില്‍, ആരിഫ വലിയാട്ട് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."