ലഹരിക്കെതിരേ ജനകീയ കൂട്ടായ്മ; നവംബര്‍ ആറിനു മനുഷ്യച്ചങ്ങല
മുക്കം: പ്രതിരോധിക്കാനാവാത്ത വിധം നാട്ടിലാകെ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ലഹരി മാഫിയക്കെതിരേ മലയോര മേഖലയില്‍ ജനകീയ പ്രതിരോധമുയരുന്നു. ലഹരി മാഫിയ താണ്ഡവമാടുന്ന കൊടിയത്തൂര്‍ കാരശ്ശേരി ഗ്രാമപഞ്ചായത്തുകളിലാണ് മാഫിയയെ പ്രതിരോധിക്കുന്നതിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നത്. ഇതിന്റെ ഭാഗമായി നവംബര്‍ ആറിന് കൊടിയത്തൂര്‍, കാരശേരി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ മനുഷ്യ ചങ്ങല തീര്‍ക്കും.
കൊടിയത്തൂര്‍, കാരശ്ശേരി ,കക്കാട്, കറുത്ത പറമ്പ് ,വലിയപറമ്പ് , നെല്ലിക്കാപറമ്പ്, മാവായി, അകാടം, പന്നിക്കോട്, തെനങ്ങാപറമ്പ് , ചുളളിക്കാപറമ്പ് , സൗത്ത് കൊടിയത്തൂര്‍ വഴി കൊടിയത്തൂരിലെത്തുന്ന വിധത്തിലാണ് മനുഷ്യചങ്ങല. കൊടിയത്തൂരിലെ 'ശ്രദ്ധ' സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി. 12 കിലോമീറ്ററോളം ദൂരത്തില്‍ 15000 ആളുകളെ പങ്കെടുപ്പിച്ചാണ് മനുഷ്യ ചങ്ങല.
പൊതുസമ്മേളനം എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ എം.ഐ ഷാനവാസ് എം.പി, ജോര്‍ജ് എം തോമസ് എം.എല്‍.എ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, സി.ഐ ബിശ്വാസ്,എസ്.ഐ സനല്‍രാജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
പരിപാടിയുടെ വിജയത്തിനായി കൊടിയത്തൂര്‍ യു.പി സ്‌കൂളില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.പി.അബ്ദുറഹിമാന്‍ അധ്യക്ഷനായി. ഭാരവാഹികളായി സി.ടി.സി അബ്ദുല്ല (ചെയര്‍മാന്‍ ) കെ.പി.അബ്ദുറഹിമാന്‍, എം.ടി.അഷ്‌റഫ് , (വൈസ് ചെയര്‍മാന്‍ )സി.ബീരാന്‍ കുട്ടി (കണ്‍വീനര്‍) ഫസല്‍ ബാബു, സുന്ദരന്‍ (ജോയിന്റ് കണ്‍വീനര്‍ ) കെ.ഹുസൈന്‍ മാസ്റ്റര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലയില്‍ തന്നെ ലഹരി വില്‍പ്പനയുടെ പ്രധാന കേന്ദ്രമാണ് കൊടിയത്തൂര്‍ ,കാരശേരി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങള്‍. ഒരു അങ്ങാടിയില്‍ മാത്രം ദിവസം ശരാശരി രണ്ട് ലക്ഷം രൂപയുടെ വരെ മയക്കുമരുന്നുകള്‍ വില്‍പ്പന നടക്കുന്നതായാണ് കണക്ക്. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഇതിനകം പൊലിസ് പിടിയിലായിട്ടുണ്ട്. കോഴിക്കോട് ,മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ഇവിടെ കഞ്ചാവുള്‍പ്പെടെയുളള ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനായി എത്തുന്നത്.
യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെ ഇവരുടെ ഏജന്റുമാരാണ്. പെണ്‍കുട്ടികള്‍ വരെ കണ്ണികളായതോടെ നാടാകെ ഭീതിയിലാണ്. നിരവധി തവണ സ്‌കൂളുകളില്‍ വച്ചും മറ്റും പെണ്‍കുട്ടികള്‍ കഞ്ചാവുമായി പിടിയിലായെങ്കിലും സ്‌കൂളിന്റെയും വിദ്യാര്‍ഥികളുടേയും ഭാവിയോര്‍ത്ത് വിട്ടയക്കുകയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കൊടിയത്തൂരിലെ 'ശ്രദ്ധ'യുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധമുയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."