മങ്കു പഠിച്ചപാഠം
പണ്ടൊരു കാട്ടില്‍ മങ്കു എന്നൊരു കുട്ടിക്കുരങ്ങനുണ്ടായിരുന്നു. അമ്മയുടെ പുന്നാരയായ മങ്കുവിന് എപ്പോഴും വലിയ ഗമയായിരുന്നു. താനാണ് ഏറ്റവും വലിയ സുന്ദരന്‍ എന്നാണവന്റെ വിചാരം.
തന്റെ ഭംഗിയുള്ള മുഖം കാണാന്‍ അവനൊരു സൂത്രമുണ്ട്. എപ്പോഴും പുഴയ്ക്കരികില്‍വന്ന് തന്റെ മുഖസൗന്ദര്യം മതിവരുവോളമങ്ങനെ കണ്ടാസ്വദിക്കും.
നേരം വെളിച്ചമായാല്‍ മങ്കുവിന് വേറെ പണിയൊന്നുമുണ്ടാകില്ല. മറ്റുകുരങ്ങന്മാരൊക്കെ ആഹാരം തേടാനും കൂട്ടുകൂടാനുമൊക്കെ പോകുമ്പോള്‍ മങ്കു മാത്രം എപ്പോഴും പുഴയ്ക്കരികിലായിരിക്കും.
അതു കാണുമ്പോള്‍ അമ്മ താക്കീതു നല്‍കുക പതിവാണ്.
''മങ്കു ഒരു പണിയും ചെയ്യാതെ എപ്പോഴും തന്റെ മുഖവും നോക്കിയിരിക്കുന്നത് അത്ര നന്നല്ല ആപത്ത് അരികെയുണ്ടാകും. സൂക്ഷിച്ചാല്‍ നന്ന്.''
മങ്കുവിന് പക്ഷേ എന്നിട്ടുമില്ല ഒരു കുലുക്കവും. അവന്‍ പതിവായി പുഴവക്കത്തുപോയിക്കൊണ്ടേയിരുന്നു.
ഒരു ദിവസം പതിവുപോലെ മുഖം നോക്കിയ മങ്കു പേടിച്ചുപോയി. തന്റെ ഭംഗിയുള്ള മുഖത്തിനു പകരമതാ ഭീകരമായ ഒരു മുഖം.
കൂര്‍ത്ത പല്ലുകളും ഉണ്ടകണ്ണുകളും കാട്ടുമരത്തടിപോലുള്ള ശരീരവുമൊക്കെയുള്ള ഒരു രൂപം.
മങ്കുവിന് ഒന്നും മനസ്സിലായില്ല.
അവന്‍ കരഞ്ഞുകൊണ്ട് അമ്മയുടെയടുത്തെത്തി.
''അമ്മേ എന്റെ മുഖത്തിന്റെ ഭംഗിയൊക്കെപോയി. കണ്ടില്ലേ, കൂര്‍ത്ത പല്ലും ഉണ്ടക്കണ്ണുകളുമൊക്കെ. എന്റെ പഴയ മുഖം എവിടെപ്പോയമ്മേ?''
''നിന്റെ മുഖത്തിനെന്തുപറ്റി? അമ്മയ്‌ക്കൊന്നും മനസ്സിലായില്ലല്ലോടാ.''
മങ്കു പുഴയോരത്തു കണ്ടത് അമ്മ
യെ അറിയിച്ചു. അവന്‍ അമ്മയെയും കൂട്ടി പുഴക്കരയിലെത്തി
പുഴയിലതാ ഒരു മുതല തലയുയര്‍ത്തി നോക്കുന്നു!
മങ്കുവിനു പറ്റിയ മണ്ടത്തരം അപ്പോഴാണ് അമ്മയ്ക്കു മനസിലായത്. മുതലയുടെ മുഖം കണ്ടാണ് തന്റെ മുഖത്തിന്
എന്തോ പറ്റിയതെന്ന് മങ്കു തെറ്റിദ്ധരിച്ചിരിക്കുന്നത്.
''മങ്കു, ദൈവം നിന്നെ രക്ഷിച്ചതാണ്. നമ്മളെയൊക്കെ പിടിച്ചു തിന്നുന്നൊരു മുതലയാണത്. അതിന്റെ വായിലെങ്ങാനുംപെട്ടിരുന്നെങ്കിലോ?''
മങ്കുവിന് എല്ലാം ബോധ്യമായി. ഇനിയേതായാലും പുഴക്കരയിലേക്കു വരില്ലെന്ന് അവന്‍ നിശ്ചയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."