തെരുവ് നായ ആക്രമണം വര്‍ധിക്കുന്നു കടിയേറ്റ് ആറു വയസുകാരനുള്‍പ്പെടെ മൂന്നു പേര് ആശുപത്രിയില്‍
അമ്പലപ്പുഴ: തെരുവ് നായയുടെ കടിയേറ്റ് ആറു വയസുകാരന് ഉള്‍പ്പെടെ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുന്നപ്ര വടക്ക് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ വാടയ്ക്കല്‍ കൊച്ചിക്കാരന് പറമ്പില്‍ യേശുദാസിന്റെ ഭാര്യ കൊച്ചുത്രേസ്യ (22), കൊച്ചിക്കാരന് വീട്ടില്‍ ജോസ്മോന്റെ മകനും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ബിജോയ് (6), ഇവരുടെ അയല്‍വാസിയായ ചെറുവള്ളിക്കാട് വീട്ടില്‍ ജിജികുട്ടന്‍ (24) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ 6.30 ഓടെ വീട്ടുജോലിക്കിടെ കൊച്ചുത്രേസിയയെ തെരുവുനായ വീട്ടില്‍ കയറിയാണ് കാലില്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്.
പിന്നീട് ഒന്‍പതു മണിയോടെ സ്കൂളില്‍ പോകുകയായിരുന്ന ബിജോയിയെയും വള്ളമിറക്കാന്‍ പോകുകയായിരുന്ന ജിജികുട്ടനെയും മറ്റൊരു തെരുവ്നായ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.
പഞ്ചായത്ത് ഉടന്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ തെരുവുനായക്കളെ കൊല്ലാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."