പ്രസിഡന്റ്‌സ് ട്രോഫി: കായിക മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിനു മുന്നോടിയായുള്ള കായികോത്സവത്തിന് ഇന്ന ് തുടക്കം കുറിക്കും. വൈകുന്നേരം നാലിന് ആശ്രാമം ഗ്രൗണ്ടില്‍ പൊലിസ് ടീമും സംഘാടക സമിതി ടീമും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരമാണ് ആദ്യ ഇനം. ജനപ്രതിനിധികളും കലക്ടറേറ്റ്ജീവനക്കാരും തമ്മിലാണ് രണ്ടാമത്തെ മത്സരം.
നാളെ വൈകുന്നേരം നാലിന് ആരംഭിക്കുന്ന വടംവലി മത്സരങ്ങളില്‍ കലക്ടറേറ്റ് ജീവനക്കാരുടെ ടീം പൊലസ് ടീമിനെയും സംഘാടകസമിതി ടീം ജനപ്രതിനിധികളുടെ ടീമിനെയും നേരിടും. ഡെപ്യൂട്ടി മേയറുടെ ടീമും ഡി.ടി.പിസി ടീമും തമ്മിലുള്ള വനിതാ വിഭാഗം മത്സരവുമുണ്ടാകും. 30ന് വൈകുന്നേരം നാലിനാണ് ഫുട്‌ബോള്‍ ഫൈനല്‍.
കഴിഞ്ഞ ദിവസം തുടക്കം കുറിച്ച സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിക്കു സമീപമുള്ള വേദിയില്‍ ഇന്ന് വൈകുന്നേരം ആറിന് കവിയരങ്ങ് നടക്കും. കുരീപ്പുഴ ശ്രീകുമാര്‍, പി .രാമന്‍, പി .പി. രാമചന്ദ്രന്‍, കെ .ആര്‍. ടോണി, അന്‍വര്‍ അലി, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ബാബു പാക്കനാര്‍, ശശിധരന്‍ കുണ്ടറ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിഷ്ണു മധുവും കടവൂര്‍ കലാവേദി മ്യൂസിക് ആന്റ് ഡാന്‍സ് സ്‌കൂളും അവതിരിപ്പിക്കുന്ന നൃത്ത പരിപാടികളും ഉണ്ടാകും.
29ന് രാവിലെ ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടക്കും. വൈകുന്നേരം ആറിന് മത്തായി സുനിലും സംഘവും നാടന്‍ പാട്ട് അവതരിപ്പിക്കും. 30ന് വൈകുന്നേരം അഞ്ചിന് സാംസ്‌കാരിക സമ്മേളനവും ആറിന് വി. ഹര്‍ഷകുമാറിന്റെ കഥാപ്രസംഗവും നടക്കും.
വള്ളംകളിയുടെ തലേദിവസമായ 31ന് വൈകുന്നേരം നാലിന് ആനന്ദവല്ലീശ്വരത്തുനിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ചിന്നക്കട, ലിങ്ക് റോഡ് വഴി ജലോത്സവ നഗരിയിലെത്തിച്ചേരും. തുടര്‍ന്ന് മുന്‍ എം.എല്‍.എ സി.കെ. സദാശിവന്റെ നേതൃത്വത്തില്‍ സമൂഹ വഞ്ചിപ്പാട്ട്. ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കുന്ന പ്രത്യേക കവര്‍ പ്രകാശനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."