വൈദ്യുതിയെ ചൊല്ലി അഫ്ഗാനില്‍ കൂറ്റന്‍ റാലി
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഗോത്ര ന്യൂനപക്ഷ വിഭാഗമായ ഹസാരകളുടെ പ്രക്ഷോഭത്തില്‍ കാബൂള്‍ നഗരം സ്തംഭിച്ചു. തങ്ങളുടെ മേഖലയിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതി മാറ്റിയതിനെതിരേ ആയിരക്കണക്കിന് ആളുകളാണ് നഗരത്തില്‍ റാലി നടത്തിയത്. ദശലക്ഷക്കണക്കിന് ഡോളറിന്റെ വൈദ്യുതപദ്ധതിയില്‍ നിന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി സര്‍ക്കാര്‍ തങ്ങളെ തഴയുകയാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു.
ഹസാര ഭൂരിപക്ഷ പ്രദേശമായ ബമ്യാന്‍ പ്രവിശ്യയിലൂടെ 500 കെ.വിയുടെ വൈദ്യുത ലൈന്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. അഫ്ഗാനിസ്ഥാനില്‍ സമീപകാലത്ത് ഇതാദ്യമായാണ് ഇത്രവലിയ പ്രക്ഷോഭം നടക്കുന്നത്. പ്രസിഡന്റ് കൊട്ടാരത്തിലേക്കായിരുന്നു സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം.
നേരത്തെ വൈദ്യുത പദ്ധതി ബമ്യാന്‍ പ്രദേശത്തുകൂടെ കൊണ്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പിന്നീട് റൂട്ട് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് ഇവരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. പദ്ധതിയുടെ ചെലവ് കുറയ്ക്കാനാണ് താരതമ്യേന ദൂരം കുറഞ്ഞ റൂട്ട് രണ്ടാമത് പരിഗണിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വടക്കന്‍ കാബൂളിലെ സലാങ്് പാസിലൂടെയാണ് വൈദ്യുത ലൈന്‍ വലിക്കാന്‍ പിന്നീട് തീരുമാനിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതി ആറുമാസത്തേക്ക് നീട്ടാനും പദ്ധതിയുടെ മുഴുവന്‍ പ്ലാനും പുനപ്പരിശോധിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി. ഇന്നലെ രാവിലെ മുതലാണ് കാബൂള്‍ നഗരം പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞത്. പൊലിസ് കണ്ടെയ്‌നര്‍ വാഹനങ്ങള്‍ റോഡിന് കുറുകെ നിരത്തി വഴിതടഞ്ഞാണ് പ്രതിഷേധക്കാര്‍ നഗരത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞത്. പ്രതിഷേധക്കാര്‍ തീരുമാനിച്ചതില്‍ നിന്ന് വ്യത്യസ്തമായി റാലി നേരത്തെ അവസാനിപ്പിച്ചതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലിസ് പറഞ്ഞു.
ഹസാരകള്‍ക്കെതിരേയുള്ള വിവേചനമാണ് പദ്ധതിയുടെ റൂട്ട് മാറ്റാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രക്ഷോഭം സമാധാന പരമായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ പദ്ധതി തിരുത്തും വരെ പ്രക്ഷോഭം തുടരുമെന്ന് ഇവര്‍ പറഞ്ഞു. പ്രസിഡന്റ് അഷ്്‌റഫ് ഗീലാനി 12 അംഗ സംഘത്തെ ബമ്യാനിലൂടെയുള്ള പദ്ധതി വഴിമാറ്റിയതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. അഫ്്ഗാനിസ്ഥാനില്‍ 75 ശതമാനം വൈദ്യുതിയും ഇറക്കുമതി ചെയ്യുന്നതാണെന്നാണ് ലോകബാങ്കിന്റെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."