കുടിവെള്ളം റേഷനാക്കി: ഏഴു ജില്ലകളിലായി 764 വാട്ടര്‍ കിയോസ്‌ക്കുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ പഞ്ചായത്തുകളില്‍ കുടിവെള്ളം റേഷനാക്കി. ഏഴു ജില്ലകളിലാണ് കുടിവെള്ളം റേഷനായി നല്‍കാന്‍ തുടങ്ങിയിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ വരള്‍ച്ച മൂലം കുടിവെള്ളം മുട്ടിയ പഞ്ചായത്തുകളിലാണ് റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത്.
നിലവില്‍ 764 വാട്ടര്‍ കിയോസ്‌ക്കുകള്‍ ഏഴു ജില്ലകളില്‍ സ്ഥാപിച്ചിട്ടുണ്ട്. വാട്ടര്‍ കിയോസ്‌ക്കുകള്‍ വഴി പ്രദേശവാസികള്‍ക്ക് നിശ്ചിത അളവില്‍ മാത്രം കുടിവെള്ള വിതരണം നടത്തുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ 355 വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചാണ് കുടിവെള്ളറേഷന്‍ നല്‍കുന്നത്. ആലപ്പുഴ 264, എറണാകുളം 77, മലപ്പുറം 34, തിരുവനന്തപുരം 27, കോഴിക്കോട് ആറ്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പ്രധാനമായും പട്ടികജാതി-പട്ടികവര്‍ഗ കോളനികള്‍, ആദിവാസി സെറ്റില്‍മെന്റുകള്‍, സ്‌കൂളുകള്‍, പുനരധിവാസ പാക്കേജുകള്‍ നടപ്പാക്കിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലാണ് ഇതില്‍ വെള്ളം നിറയ്ക്കുന്നത്. പഞ്ചായത്തുകള്‍, മാനദണ്ഡങ്ങള്‍ പാലിച്ച് കുടിവെള്ളം ജനങ്ങള്‍ക്കു വിതരണം ചെയ്യും.
5000 മുതല്‍ 10,000 ലിറ്റര്‍ വരെ വെള്ളം കൊള്ളുന്ന വലിയ സിന്‍ടെക്‌സ് ടാങ്കുകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതാണ് വാട്ടര്‍ കിയോസ്‌ക്കുകള്‍. ഒരു വാട്ടര്‍ കിയോസ്‌ക്കില്‍ രണ്ടു ടാപ്പുകള്‍ ഉണ്ടാകും. ഒരാള്‍ക്ക് രണ്ടു കന്നാസ്(അല്ലെങ്കില്‍ ബക്കറ്റ്) വെള്ളം മാത്രമേ നല്‍കൂ. സൗജന്യമായാണ് കുടിവെള്ളം നല്‍കുന്നത്. കിയോസ്‌ക്കില്‍ വെള്ളം നിറയ്ക്കുന്നത് അംഗീകൃത ഏജന്‍സികളോ സര്‍ക്കാര്‍ സംവിധാനമോ ആയിരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ജില്ലാഭരണകൂടങ്ങള്‍ കുടിവെള്ള വിതരണ ഏജന്‍സികളെ കണ്ടെത്തണം.
ജില്ലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളെ കണ്ടെത്തി പഞ്ചായത്തധികൃതര്‍ ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ടു നല്‍കുന്ന മുറയ്ക്ക് ആ പ്രദേശങ്ങളില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ അനുവദിക്കും. മഴലഭ്യത കുറഞ്ഞാല്‍ വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലും കുടിവെള്ളം റേഷനായി നല്‍കേണ്ടി വരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ സുപ്രഭാതത്തോടു പറഞ്ഞു. ഒരു വാട്ടര്‍ കിയോസ്‌ക്ക് സ്ഥാപിക്കുന്നതിന് 50,000 രൂപയാണ് നല്‍കുന്നത്.
ജല സംരക്ഷണബോധം ഉണ്ടാകണം
44 നദികളും പോഷകനദികളുമായി സമ്പന്നമായ കേരളം ഇന്ന് കടുത്ത വരള്‍ച്ചയുടെ പിടിയിലാകാന്‍ കാരണം ജലസംരക്ഷണ ബോധം കുറഞ്ഞതു കൊണ്ടാണെന്ന് കാലാവസ്ഥാ-ഭൂജല-സെസ്സ്-ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധര്‍. ജലസ്രോതസുകളെ സംരക്ഷിക്കാന്‍ പദ്ധതികളുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. ജലത്തിനും നദികളുടെ അവകാശത്തിനും വേണ്ടി അന്യസംസ്ഥാനങ്ങള്‍ കേരളത്തോട് കരാറിലും തര്‍ക്കങ്ങളിലും ഏര്‍പ്പെടുന്നതു തന്നെ വെള്ളത്തിന്റെ ആവശ്യകത മനസ്സിലാക്കിയാണ്. എന്നാല്‍, കേരളത്തിലെ ഭൂരിഭാഗം ജലസ്രോതസുകളും മാലിന്യവാഹികളായി തീര്‍ന്നു. ചെറു വരള്‍ച്ചയെപ്പോലും അതിജീവിക്കാനാകാത്ത അവസ്ഥയാണ് സംസ്ഥാനത്ത്. കുടിവെള്ളം സംരക്ഷിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് വന്‍ വിപത്തായിരിക്കുമെന്നും വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."