വടക്കനാട് വന്യമൃഗശല്യം രൂക്ഷം; ഒറ്റയാന്‍ വീട് തകര്‍ത്തു
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് കഴിഞ്ഞദിവസം രാത്രിയിറങ്ങിയ കാട്ടാന ആദിവാസിയുടെ വീട് തകര്‍ത്തു. പച്ചാടി ഊരാളിപ്പാടി ഊരാളി ബൊമ്മന്റെ വീടാണ് തകര്‍ത്തത്. ബൊമ്മനും ഭാര്യ മാതിയും സുഹൃത്തിന്റെ വീട്ടിലായിരുന്നു. ഇയാള്‍ക്ക് പഞ്ചായത്ത് നല്‍കിയ വീട് ചോര്‍ന്നൊലിക്കുന്നതിനാല്‍ വാസയോഗ്യമല്ല. ഇതെത്തുടര്‍ന്ന് സ്വന്തമായി താല്‍ക്കാലിക ഷെഡ്ഡുണ്ടാക്കിയായിരുന്നു താമസം. ഈ ഷെഡ്ഡാണ് ഒറ്റയാന്‍ പൂര്‍ണമായും തകര്‍ത്തത്. പ്രദേശത്തെ കൃഷിയിടങ്ങളിലും ആന ഇറങ്ങി. നിരവധി തവണ ഫോണ്‍ വിളിച്ചറിയിച്ച ശേഷമാണ് വനപാലകര്‍ സംഭവ സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വടക്കനാട്, വള്ളുവാടി പ്രദേശങ്ങളില്‍ നാട്ടുകാരും വനപാലകരും തമ്മില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വനപാലകര്‍ വനസംരക്ഷണത്തിന്റെ പേരില്‍ നാട്ടുകാരെ ഉപദ്രവിക്കുന്നുവെന്നാണ് ആരോപണം. ആനക്കൊലയുമായി ബന്ധപ്പെട്ട് ഈ പ്രദേശങ്ങളില്‍ നിന്നും രണ്ടു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. നിരപരാധികളെയാണ് അറസ്റ്റ് ചെയ്തതെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ വനപാലകര്‍ക്ക് മര്‍ദനമേറ്റു. ഈ സ്ഥലങ്ങളിലേക്ക് വനപാലകരെ പ്രവേശിപ്പിക്കില്ലെന്ന് നാട്ടുകാരും സംരക്ഷണം ഇല്ലാതെ ഈ സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് വനപാലകരും നിലപാടെടുത്തിരുന്നു. ഇതോടെ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയാല്‍ കൃത്യസമയത്ത് എത്താന്‍ വനപാലകര്‍ മടിക്കുകയാണ്. വന്യമൃഗശല്യം കൊണ്ട് ഈ പ്രദേശങ്ങളില്‍ രാത്രിയായാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."