ബി.ഡി.ജെ.എസിന്റെയും ബി.ജെ.പിയുടേയും ഭാവി നിര്‍ണയിക്കും
തമീം സലാം കാക്കാഴം
ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലം വലതു-ഇടതുമുന്നണികളെക്കാള്‍ നിര്‍ണായകമാകുന്നത് ബി.ഡി.ജെ.എസിനായിരിക്കും. എന്‍.ഡി.എക്ക് പരാജയം നേരിട്ടാല്‍ പഴി മുഴുവനും കേള്‍ക്കേണ്ടി വരുന്നത് വെള്ളാപ്പള്ളിക്കായിരിക്കുമെന്നും ഉറപ്പായി.
തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് അടിയറ പറഞ്ഞാല്‍ എസ്.എന്‍.ഡി.പിയെ രാഷ്ട്രീയ ചട്ടുകമാക്കിയ വെള്ളാപ്പള്ളിക്ക് അണികള്‍ക്കിടയില്‍ വിശദീകരണം നല്‍കേണ്ടിവരും.
എസ്.എന്‍.ഡി.പിയിലും ബി.ജെ.പിയിലുമുള്ള വെള്ളാപ്പള്ളി വിരുദ്ധ ചേരിയും തെരഞ്ഞെടുപ്പ് ഫലത്തിനായി കാതോര്‍ത്തിരിക്കുകയാണ്. അതേസമയം ബി.ജെ.പി - ബി.ഡി.ജെ.എസ് സഖ്യം ആരുടെ വോട്ടാണ് ചോര്‍ത്തിയതെന്ന ആശങ്ക ഇരു മുന്നണികള്‍ക്കിടയിലുമുണ്ട്.
ബി.ഡി.ജെ.എസ് ഇടതിന്റെ വഴി മുടക്കുമെന്നാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് വരെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അന്നത്തെ ബി.ജെ.പി-എസ്.എന്‍.ഡി.പി. കൂട്ടുകെട്ട് ആലപ്പുഴയില്‍ യു.ഡി.എഫിനെയാണ് ബാധിച്ചത് .
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബി.ജെ.പി - ബി.ഡി.ജെ.എസ് സഖ്യം വിജയിച്ച സ്ഥലങ്ങളിലെല്ലാം യു.ഡി.എഫ്.പിന്നാക്കം പോയി. അതിനാല്‍ തന്നെ കരുതലോടെയാണ് ഇക്കുറി യു.ഡി.എഫ് ബി.ഡി.ജെ.എസിനെ നേരിട്ടത്. കെ.പി.സി.സി നേതൃത്വം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വെള്ളാപ്പള്ളിയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 13.28 ശതമാനം വോട്ടാണ് എന്‍.ഡി.എ. സഖ്യം നേടിയത്. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 0.13 ശതമാനം മാത്രമാണ്. എല്‍.ഡി.എഫിന് 37.36 ശതമാനവും യു.ഡി.എഫിന് 37.23 ശതമാനവും വോട്ടാണ് ലഭിച്ചത്. അതിനാല്‍ തന്നെ ബി.ഡി.ജെ.എസ് പിടിക്കുന്ന വോട്ടുകള്‍ ഫലത്തില്‍ ഇരുമുന്നണികളെയും ബാധിക്കും.
ഈഴവ വോട്ടുബാങ്കില്‍ ബഹുഭൂരിപക്ഷവും ഇടതുമുന്നണിക്കൊപ്പമാണ് നിലകൊണ്ടിരുന്നത്. ഇത് കണക്കാക്കിയാണ് ബി.ജെ.പി.ക്കൊപ്പം എസ്.എന്‍.ഡി.പിയും ചേര്‍ന്നാലും യു.ഡി.എഫിനെ ബാധിക്കില്ലെന്ന നേരത്തെ വിലയിരുത്തല്‍ ഉണ്ടായത്.
ഇരുമുന്നണികളും മത്സരിക്കുന്നത് അധികാരത്തിലെത്താനാണെങ്കില്‍ ബി.ജെ.പി- ബി.ഡി.ജെ.എസി സഖ്യം മത്സരിക്കുന്നത് നിലനില്‍പ്പിനായാണ്.
കന്നിയങ്കത്തിനിറങ്ങുന്ന ബി.ഡി.ജെ.എസ് 37 സീറ്റുകളിലാണ് മത്സരിച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് ഫലം ബി.ഡി.ജെ.എസിന്റെയും ഭാവി നിര്‍ണയിക്കുമെന്ന് ഉറപ്പായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."