തുലാം ചതിച്ചാല്‍... കുടിവെള്ള സ്രോതസുകള്‍ വറ്റിത്തുടങ്ങി
കണ്ണൂര്‍: തുലാമഴ ചതിച്ചാല്‍ ഇക്കുറി ജില്ല നേരിടേണ്ടി വരിക കൊടുംവരള്‍ച്ച. പതിവിനു വിപരീതമായി കൊടും ചൂടനുഭവപ്പെട്ട ചിങ്ങം അവസാനം തന്നെ ജില്ലയിലെ പ്രധാന നദികളില്‍ ജലനിരപ്പു കുറഞ്ഞിരുന്നു. തുലാം മാസം തുടക്കത്തില്‍ താപനില ഉയര്‍ന്നതോടെ ഇക്കുറി കൊടുംചൂടിന്റെ ലക്ഷണമാണുള്ളത്. മലയോര മേഖലയിലെ ചില ഭാഗങ്ങള്‍ ഇപ്പോള്‍തന്നെ വരള്‍ച്ചയുടെ പിടിയിലായി. കേളകം, കൊട്ടിയൂര്ഭാഗങ്ങളില് പലയിടത്തും ബാവലി വറ്റിവരണ്ടു തുടങ്ങി. രണ്ടു ഷട്ടറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പഴശി ഡാമില്‍ ജലനിരപ്പ് നന്നേ താഴ്ന്നിരിക്കുകയാണ്. കണ്ണൂര്‍ കോര്‍പറേഷനിലും തൊട്ടടുത്ത പഞ്ചായത്തുകളിലും ഇവിടെ നിന്നാണ് കുടിവെള്ളമെത്തിക്കുന്നത്. താണയിലെ ജലസംഭരണി വഴിയാണ് വാട്ടര്‍ അതോറിറ്റി ജലവിതരണം നടത്തുന്നത്. പഴശിയിലെ ജലനിരപ്പു കുറഞ്ഞതിനാല്‍ ഇക്കുറി കുടിവെള്ള വിതരണം പേരിനു മാത്രമെ നടത്താന്‍ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് ജലവിഭവ വകുപ്പ്. മണ്‍സൂണ്‍ 28 ശതമാനം കുറഞ്ഞതും ഇവര്‍ കാരണമായി പറയുന്നു. ഇതിനാല്‍ പുഴവെള്ളത്തെ ആശ്രയിച്ചു ഇക്കുറി കുടിവെള്ള വിതരണം നടത്താന്‍ കഴിയില്ല. സ്വാഭാവിക ജല സ്രോതസുകളെ ഉപയോഗിച്ചു കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നു നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും കുടിവെള്ള ലോബിക്കു വേണ്ടി ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അട്ടിമറിച്ചു. മൂടിപ്പോയ കുളങ്ങളും കിണറുകളും റീചാര്‍ജ് ചെയ്യാന്‍ പലയിടത്തും ഇതുവരെ നടപടിയായില്ല. തുലാംമഴ വൈകുന്നതിനും ഇക്കുറി ആശങ്കയ്ക്കു വഴിമരുന്നിട്ടുണ്ട്. കാലംതെറ്റിയ കാലവര്‍ഷം കൃഷിയിടങ്ങളെ മുച്ചൂടും മുടിക്കുമോയെന്ന ഭയത്തിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."