കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കാന്‍ 'സ്‌കൂള്‍ ചലേ ഹം' യത്‌നം സംഘടിപ്പിക്കും
തൊടുപുഴ: ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്ക് സമഗ്രവിദ്യഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് ഇടുക്കി ജില്ലയില്‍ പഠനപദ്ധതി ആരംഭിക്കും. ജില്ലയിലെ തോട്ടം മേഖലയില്‍ പണിയെടുക്കുന്ന മറുനാടന്‍ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണിത്.
ജില്ലയിലെ ആറിനും 14നും ഇടയിലുള്ള മുഴുവന്‍ കുട്ടികളെയും വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കാനും ഗുണനിലവാരമുള്ള പഠനാന്തരീക്ഷത്തിലൂടെ കുട്ടികളെ സ്‌കൂളുകളില്‍ നിലനിര്‍ത്താനുവമുള്ള വ്യത്യസ്ത പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
'ഔട്ട് ഓഫ് സ്‌കൂള്‍ സര്‍വെ''എന്ന പേരില്‍ നടത്തിയ പഠനത്തിലാണ് തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം മുടങ്ങുന്നതായി കണ്ടെത്തിയത്. അസം, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളുടെ മക്കളാണിവര്‍. അതുപോലെ ഇടമലക്കുടിയിലെ വിവിധ കുടികളിലെ 18 കുട്ടികളും പഠനം മുടങ്ങിയവരുടെ കൂട്ടത്തിലുണ്ട്. പീരുമേട് മേഖലയിലാണ് പഠനം മുടങ്ങിയ ഏറ്റവുമധികം കുട്ടികളുള്ളത്. ജില്ലയില്‍ ഇതുവരെ 456 കുട്ടികളെയാണ് സര്‍വെയിലൂടെ കണ്ടെത്തിയിട്ടുള്ളത്.
സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ആദ്യഘട്ടമായി പീരുമേട്ടില്‍ പന്ത്രണ്ടോളം വളണ്ടിയര്‍മാരെ നിയോഗിക്കും. ഇവരെ വിനിയോഗിച്ച് കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കാനുള്ള 'സ്‌കൂള്‍ ചലേ ഹം' എന്ന യത്‌നവും സംഘടിപ്പിക്കും. അവരുടെ പ്രാദേശികഭാഷ അറിയാവുന്ന വളണ്ടിയര്‍മാരെ കണ്ടെത്താന്‍ പരമാവധി ശ്രമിക്കും. അതത് പ്രദേശങ്ങളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും. വിവിധ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളാണ് കുട്ടികളുടെ സ്‌കൂള്‍ പഠനം മുടക്കിയതെന്ന് വിലയിരുത്തിയിട്ടുണ്ട്. കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതോടൊപ്പം 'ശ്യാം കാ മിലന്‍' (സായാഹ്‌ന കൂട്ടായ്മ) എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സ്‌കൂളിലെത്തുന്ന കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും കൂട്ടായ്മകള്‍ സംഘടിപ്പിക്കും. അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും സാമൂഹിക സാഹചര്യങ്ങളും ചര്‍ച്ച ചെയ്ത് ആവശ്യമായ പരിഹാരം കാണുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കുട്ടികള്‍ സ്‌കൂളില്‍ നിന്നും ഇടയ്ക്ക് കൊഴിഞ്ഞു പോകാതെ തുടര്‍പഠനത്തിന് പ്രേരിപ്പിക്കുകയാണ് ഇത്തരം കൂട്ടായ്മയുടെ ലക്ഷ്യം. കുട്ടികളുടെ സംസ്ഥാനഭാഷയില്‍ തന്നെ അവര്‍ക്ക് നാളിതുവരെ നഷ്ടപ്പെട്ട പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്ന 'ഏലാന്‍' പദ്ധതിയും നടപ്പാക്കും.
എറണാകുളം ജില്ലയില്‍ ഇത്തരം പദ്ധതി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. മറുനാടന്‍ തൊഴിലാളികളുടെ കുട്ടികള്‍ക്ക് ആവശ്യമായ പ്രാദേശികഭാഷാ പഠനസഹായി ഉള്‍പ്പെടെയുള്ള പഠനസാമഗ്രികള്‍ അവരുടെ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ലഭ്യമാക്കാനും ലക്ഷ്യമിടുന്ന പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."