എന്‍.ഐ.എ മേധാവിയുടെ കാലാവധി വീണ്ടും നീട്ടി നടപടി സംഘപരിവാര്‍ താല്‍പര്യം സംരക്ഷിക്കാനെന്ന് ആക്ഷേപം
ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മേധാവി ശരത്കുമാറിന്റെ കാലാവധി രണ്ടാമതും നീട്ടി. എന്‍.ഐ.എയുടെ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് ഒരുവര്‍ഷത്തേക്കുകൂടിയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടിയത്. 2013 ജൂലൈ 30നാണ് 1979ലെ ഹരിയാനാ ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ശരത്കുമാര്‍ എന്‍.ഐ.എയുടെ തലപ്പത്തെത്തുന്നത്.
നിലവില്‍ എന്‍.ഐ.എ അന്വേഷിക്കുന്ന പത്താന്‍കോട്ടിലെ വ്യോമസേനാകേന്ദ്രത്തിനും ഉറിയിലെ സൈനികകേന്ദ്രത്തിനും നേര്‍ക്കുണ്ടായ ഭീകരാക്രമണങ്ങള്‍, ബുര്‍ദുവാന്‍ സ്‌ഫോടനം, ഐ.എസുമായി ബന്ധപ്പെട്ട മറ്റുകേസുകള്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ എന്‍.ഐ.എയെ സഹായിക്കാനാണ് ശരത്കുമാറിന്റെ കാലാവധി നീട്ടിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
അതേസമയം സംഘപരിവാറിന്റെ താല്‍പ്പര്യ സംരക്ഷണത്തിനാണ് ശരത്കുമാറിന്റെ കാലാവധി നീട്ടിയതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനു ശേഷം മലേഗാവ് കേസില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കാന്‍ എന്‍.ഐ.എയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദംചെലുത്തിയിരുന്നതായി കേസിലെ പബ്ലിക് പ്രോസികൂട്ടര്‍ രോഹിണി സല്യാന്‍ കഴിഞ്ഞവര്‍ഷം വെളിപ്പെടുത്തിയിരുന്നു.
ഈ കേസുകളുടെ വിചാരണ നടന്നുകൊണ്ടിരിക്കെ ശരത്കുമാറിനെ വീണ്ടും എന്‍.ഐ.എ മേധാവിസ്ഥാനത്തു തുടരാനനുവദിക്കുന്നത് കേസുകള്‍ അട്ടിമറിക്കാന്‍ ഇടയാക്കുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഘപരിവാര്‍ പ്രതിസ്ഥാനത്തുള്ള കേസുകള്‍ അട്ടിമറിക്കുയെന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹത്തിന്റെ കാലാവധി നരേന്ദ്രമോദി സര്‍ക്കാര്‍ നീട്ടിയതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗവിജയ് സിങ് കുറ്റപ്പെടുത്തി. മലേഗാവ്, സംഝോദ, മക്കാമസ്ജിദ്, അജ്മീര്‍ എന്നീ കേസുകള്‍ അട്ടിമറിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്റെ നടപടിയെ അപലപിക്കുന്നുവെന്നു പറഞ്ഞ സിങ്, എന്‍.ഐ.എയുടെ തലപ്പത്തിരിക്കാന്‍ യോഗ്യതയുള്ള മറ്റ് ഉദ്യോഗസ്ഥരില്ലേയെന്നും ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."