കൊച്ചു ബാലകൃഷ്ണനെത്തി, ഇരട്ടക്കുട്ടികള്‍ക്കൊപ്പം...
സ്വന്തം ലേഖിക
കോഴിക്കോട്: ഖദര്‍ ഷര്‍ട്ടും മുണ്ടുമുടുത്ത്, തന്നോളമുള്ള രണ്ടു കുട്ടികളുടെ കൈയും പിടിച്ച് രണ്ടടിയോളം മാത്രമുള്ള കൊച്ചു ബാലകൃഷ്ണന് വോട്ടു ചെയ്യാനെത്തിയപ്പോള്‍ കുശലാന്വേഷണവുമായി നാട്ടുകാരെല്ലാം ചുറ്റും കൂടി. എല്ലാവരോടും സന്തോഷത്തോടെ വിശേഷങ്ങള്‍ പറഞ്ഞ് ബാലകൃഷ്ണന് തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തി തിരിച്ചെത്തിയപ്പോള്‍ ഇരട്ടക്കുട്ടികളായ അഭിനന്ദും അഭിനവും വീണ്ടും അച്ഛന്റെ കൈയില്‍ തൂങ്ങി. അതിനിടെ അച്ഛന്റെ വിരലില്‍ പുരട്ടിയ മഷി തങ്ങള്‍ക്കും വേണമെന്ന് ആറു വയസുകാരായ ഇരുവരും വാശി പിടിച്ച് കരയാനും തുടങ്ങി. ഒരു കുസൃതിച്ചിരിയോടെ അവരെ സമാധാനിപ്പിച്ച് കൊച്ചു ബാലകൃഷ്ണന് തന്നെ കാണാനെത്തിയവരോട് സംസാരിച്ച് തുടങ്ങി.
താന്‍ പഠിച്ച കാരശ്ശേരിയിലെ ഹാജി എന്‍.സി കോയക്കുട്ടി സ്മാരക യു.പി സ്കൂളില്‍ തന്നെ വോട്ടു ചെയ്യാന്‍ സാധിച്ച സന്തോഷവും ആ മുഖത്ത് പ്രകടമായിരുന്നു. സിനിമാ താരമായ കൊച്ചു ബാലകൃഷ്ണന് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. അത്ഭുതദ്വീപ്, ബെസ്റ്റ് ആക്ടര്‍, യക്ഷിയും ഞാനും തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതിനു പുറമെ മിമിക്രി ചെയ്തും മാജിക്കുകള്‍ കാണിച്ചും കൊച്ചു ബാലകൃഷ്ണന് ജനമനസില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ കാരശ്ശേരിയിലെ എന്‍.കെ മരമില്ലില്‍ മാനേജറാണ് ബാലകൃഷ്ണന്. തന്റെ ഫോട്ടോ എടുക്കാനായി അടുത്തുകൂടിയ ഫോട്ടോഗ്രാഫര്‍മാരോട് മക്കളായ അഭിനവും, അഭിനന്ദും ഭാര്യ അനിതയും അമ്മ ചക്കിയുമെല്ലാം ഉള്‍പ്പെട്ട ഗ്രൂപ്പ് ഫോട്ടോയെടുത്താല്‍ മതിയെന്ന് ബാലകൃഷ്ണന് പറഞ്ഞപ്പോള്‍ അച്ഛന്റെയും അച്ചമ്മയുടെയും ഐഡന്റിറ്റി കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച് അഭിനന്ദും അഭിനവും ഫോട്ടോയ്ക്ക് പോസ് ചെയ്തു. മക്കളുടെ കൈകള്‍ മുറുകെ പിടിച്ച് പുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ പൊക്കമില്ലായ്മയാണ് തന്റെ പൊക്കം എന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."