ഹിലരി ക്ലിന്റണ്‍ ഉള്‍പ്പെട്ട ഇ മെയില്‍ വിവാദം; പുനരന്വേഷണത്തില്‍ പരക്കെ എതിര്‍പ്പ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ വിവാദമായ ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തുവിടാന്‍ എഫ്ബിഐ ഡയറക്ടര്‍ ജേയിംസ് കോമിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം. എന്നാല്‍ വോട്ടെടുപ്പിനു എട്ട് ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ ഹിലരിയുടെ ഇമെയില്‍ വിവാദത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുള്ള എഫ്ബിഐ ഡയറക്ടറുടെ നീക്കത്തില്‍ പരക്കെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.
പുതിയ ഇമെയിലുകള്‍ കണ്ടെത്തിയെന്ന കാര്യം യുഎസ് കോണ്‍ഗ്രസിനെ അറിയിക്കരുതെന്നു ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് കോമിയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, ഇതു വകവയ്ക്കാതെ കോമി മുന്നോട്ടു നീങ്ങുകയായിരുന്നു.വെള്ളിയാഴ്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് പുതിയ ഇമെയിലുകള്‍ സംബന്ധിച്ച കാര്യം അറിയിച്ചത്.
സ്റ്റേറ്റ് സെക്രട്ടറിയായിരിക്കേ വസതിയില്‍ സ്വകാര്യ ഇമെയില്‍ സര്‍വര്‍ വച്ച ഹിലരിയുടെ നടപടി ഏറെ വിവാദമായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഹില്ലരിക്കെതിരേ കേസെടുക്കാന്‍ വിസമ്മതിച്ച കോമി വോട്ടെടുപ്പ് അടുത്ത അവസരത്തില്‍ പുതിയ ഇമെയില്‍ വിവാദത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതാണ് പ്രശ്‌നമായത്.
പുതിയ ഇമെയില്‍ വിവാദത്തിന്റെ വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നു ഹിലരിയുടെ ലീഡ് കുറഞ്ഞതായി എബിസി ന്യൂസ്, വാഷിംഗ്ടണ്‍ പോസ്റ്റ് സര്‍വേയില്‍ വ്യക്തമായി. ഹില്ലരിക്ക് 46 ശതമാനം പേരുടെ പിന്തുണയുള്ളപ്പോള്‍ ട്രംപിനു 45 ശതമാനം പേരുടെ പിന്തുണയുണ്ട്. ഒരാഴ്ച മുമ്പ് ഹിലരിക്കു 12 പോയിന്റിന്റെ ലീഡുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."