മോഹവലയത്തില്‍ വീണില്ല, പ്രിയം പോറ്റുനാടിനോട്
സുനി അല്‍ഹാദി
കൊച്ചി: ജന്മനാട്ടില്‍ വോട്ട് ചെയ്താല്‍ ആനുകൂല്യങ്ങള്‍ വാരിക്കോരിത്തരുമെന്ന് 'തലൈവി'യുടെ ആള്‍ക്കൂട്ടം പറഞ്ഞു. കുട്ടികളുടെ പഠിപ്പ്, ഗൃഹോപകരണങ്ങള്‍ പിന്നെ പണം. പക്ഷേ എന്തൊക്കെ വാഗ്ദാനം നല്‍കിയിട്ടും തമിഴ് ദമ്പതികളായ കലയ്ക്കും മുരുകേശനും പോറ്റുനാടിനോട് തന്നെ പ്രിയം.
കഴിഞ്ഞ 25 വര്‍ഷമായി ഇവര്‍ വോട്ടു ചെയ്യുന്നത് കേരളത്തില്‍ തന്നെ. തമിഴ്‌നാട്ടിലെ ഉസലാംപെട്ടി സ്വദേശികളായ ഇരുവരും വിവാഹത്തിനുശേഷമാണ് കേരളത്തിലേക്ക് തൊഴിലന്വേഷിച്ച് എത്തുന്നത്. വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഇരുവരും പലയിടത്തും കൂലിപ്പണിചെയ്താണ് ജീവിതം തള്ളിനീക്കുന്നത്. ഇതിനിടയില്‍ ലോകസഭയിലേക്കും നിയമസഭയിലേക്കും നഗരസഭയിലേക്കുമൊക്കെ നിരവധി തെരഞ്ഞെടുപ്പുകള്‍ വന്നു. കൂടെയുണ്ടായിരുന്ന തമിഴ്‌നാട്ടുകാര്‍ പലരും വോട്ട് സ്വദേശത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല.
തൊഴിലെടുത്ത് ജീവിക്കുന്ന നാട്ടില്‍ തന്നെ വോട്ട് രേഖപ്പെടുത്താനായിരുന്നു തീരുമാനം. തങ്ങള്‍ക്കൊപ്പം മുന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ നിരവധി തമിഴ്‌നാട് സ്വദേശികള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണ ചുരുക്കം ചിലര്‍ മാത്രമാണ് കേരളത്തില്‍ വോട്ടു ചെയ്തത്. പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കാന്‍ 50,000 രൂപയും അര പവന്‍ സ്വര്‍ണവും, വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്,പഠനോപകരണങ്ങള്‍,സൈക്കിള്‍,മാസത്തില്‍ 20 കിലോ അരി, പ്രസവച്ചെലവിന് 12,000രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് എ.ഐ.എ.ഡി.എം.കെ വോട്ടര്‍മാര്‍ക്ക് നല്‍കിയത്. വോട്ട് ചെയ്തില്ലെങ്കില്‍ റേഷന്‍കാര്‍ഡ് റദ്ദ് ചെയ്യുമെന്ന ഭീഷണിയും മുഴക്കിയിരുന്നു.ഇതിനെതുടര്‍ന്ന് കേരളത്തില്‍ വോട്ട് ചെയ്ത് വന്നിരുന്ന ഭൂരിഭാഗം വോട്ടര്‍മാരും ഇവിടുത്തെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവായി തമിഴ്‌നാട്ടില്‍ വോട്ടര്‍മാരാകുകയായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളില്‍ കഴിയുന്ന തമിഴ്‌നാട്ടുകാരെ സ്വദേശത്തെത്തിച്ച് വോട്ടുചെയ്യിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ യാത്രാസൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. എറണാകുളത്ത് നിന്ന് മാത്രം 17 ബസുകളിലായാണ് വോട്ടര്‍മാരെ തമിഴ്‌നാട്ടിലെത്തിച്ചത്.
25 വര്‍ഷമായി കൂലിവേലചെയ്ത് കഴിയുന്ന ദമ്പതികള്‍ എറണാകുളം വാതുരുത്തി വട്ടപ്പാറയില്‍ ഒറ്റമുറി വാടകവീട്ടിലാണ് താമസം. മെക്കാനിക്കല്‍ എന്‍ജിനിയറായ മകന്‍ ശരവണനും മകള്‍ കവിതയും കുടുംബമായി തമിഴ്‌നാട്ടിലാണ് താമസം. ആരോഗ്യമുള്ള കാലമത്രയും കേരളത്തില്‍തന്നെ വോട്ട് ചെയ്യണമെന്നാണ് ഈ ദമ്പതികളുടെ ആഗ്രഹം.
ജന്മനാട് എന്ത് വാരിക്കോരിത്തന്നാലും മക്കളെ പഠിപ്പിച്ച് ഉയര്‍ന്ന നിലയിലാക്കാന്‍ അവസരം തന്ന പോറ്റുനാടിനോടാണ് കടപ്പാടെന്ന് ഇവര്‍ ശങ്കയില്ലാതെ പറയുന്നു. എറണാകുളം നിയോജക മണ്ഡലത്തിലെ കഠാരിബാഗ് ബൂത്തിലെത്തി രാവിലെതന്നെ സമ്മതിദാനവകാശം വിനിയോഗിച്ച ഇരുവരും മക്കളെയും കൊച്ചുമക്കളെയും കാണാന്‍ വൈകിട്ട് ഏഴുമണിയോടെ തമിഴ്‌നാട്ടിലേക്ക് ട്രെയിന്‍ കയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."