കേരളപ്പിറവി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രകേരളം പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍വഹിക്കും.
നിയമസഭാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അധ്യക്ഷനാകും. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്, വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, സുഗതകുമാരി, പി.ടി ഉഷ, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി എന്നിവര്‍ സംസാരിക്കും. മറ്റുമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പങ്കെടുക്കും.
രാവിലെ 8.30ന് തുടങ്ങുന്ന ചടങ്ങ് സാംസ്കാരിക പരിപാടികളോടെയാണ് ആരംഭിക്കുക. ചടങ്ങില്‍ വച്ച് ഇന്ത്യയിലെ ആദ്യത്തെ വെളിയിട വിസര്‍ജനരഹിത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. വജ്രകേരളം പരിപാടിയില്‍ ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയാണ് മുഖ്യമായുള്ളത്. ഹരിതകേരളം പദ്ധതിയില്‍ മാലിന്യസംസ്കരണം, കൃഷിവികസനം, ജലവിഭവ സംരക്ഷണം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക്, ഇ-വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളെ ശാസ്ത്രീയമായി വേര്‍തിരിച്ച് സംസ്കരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.
സമ്പൂര്‍ണ ഭവന നിര്‍മാണമാണ് ലൈഫിലൂടെ ഉദ്ദേശിക്കുന്നത്. മെഡിക്കല്‍ കോളജുകളടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണമാണ് ആര്‍ദ്രം പദ്ധതി വിഭാവനം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."