വളപട്ടണം പാലത്തിലെ മാസ്റ്റിക് അസാള്‍ട്ട് ആരംഭിച്ചു
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന് ഉപരിതലത്തിലെ എക്സ്പാന്ഷന് ജോയിന്റുകളുടെയും സ്ലാബുകളുടെയും കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞതോടെ ഇന്നലെ രാത്രി ഒമ്പത് മണി മുതല്‍ ടാറിങ്ങിനു മുന്നോടിയായുള്ള മാസ്റ്റിക് അസാള്‍ട്ട് ജോലി ആരംഭിച്ചു.
പാലത്തിന്റെ അടിഭാഗങ്ങളിലേക്ക് വെള്ളം ഇറങ്ങാതിരിക്കാനുള്ള പ്രത്യേക ടാറിങ് മിശ്രിതമാണ് മാസ്റ്റിക് അസാള്‍ട്ട്. ചെറിയ മെറ്റല്‍, എം സാന്‍ഡ്, മാസ്റ്റിക് അസാല്ട്ടിനുള്ള ടാറിങ് എന്നിവ ചൂടാക്കി രണ്ടര സെന്റിമീറ്റര്‍ കനത്തിലാണ് മിഷ്യന്റെ സഹായമില്ലാതെ തൊഴിലാളികള്‍ പാലത്തില്‍ സ്ഥാപിക്കുന്നത്. പഴയങ്ങാടി ജംഗ്ഷന് ഭാഗത്താണ് ആദ്യം പണി തുടങ്ങിയത്. പാലത്തിലെ മുഴുവന്‍ ജോലികളും ചെയ്തു തീര്‍ക്കുന്നതിന് രണ്ടാഴ്ച സമയമെടുക്കും. മാസ്റ്റിക് അസാള്‍ട്ട് ജോലികള്‍ ചെയ്യുന്നതിനാല്‍ വാഹനങ്ങള്‍ക്ക് രാത്രിയില്‍ ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തും. ടാറിങ് നടക്കുമ്പോള്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ ഭാഗികമായി വാഹനങ്ങളെ കടത്തിവിടും. രാത്രി സമയങ്ങളില്‍ ചെയ്ത മാസ്റ്റിക് അസാള്‍ട്ട് ജോലികള്‍ക്ക് മുകളില്‍ കൂടി പകല്‍ സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് കടന്ന് പോകുന്നതിന് തടസ്സമുണ്ടാകില്ല. പാലത്തിന്റെ നടപ്പാതയിലെ ഇരുവശത്തും കേടുവന്ന സ്ലാബുകള്‍ മാറ്റി പുതിയത് നിര്‍മിക്കുന്ന പ്രവൃത്തികളും നടന്നു വരുന്നു. പാലത്തിന്റെ അടിഭാഗത്തെ സ്പാനുകളുടെ ജോലികളും പുരോഗമിക്കുകയാണ്. മാസ്റ്റിക് അസാള്‍ട്ട് ജോലികള്‍ക്ക് ശേഷം മെക്കാഡം ടാറിങ് ജോലികളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."