മൊബൈല്‍ ഫോണ്‍ മോഷണം: കുട്ടികളടക്കം നാലുപേര്‍ അറസ്റ്റില്‍
തൊടുപുഴ: വാഹനമോഷണ കേസുകളിലും ഭവനഭേദനത്തിലും ഉള്‍പ്പെട്ട മൂന്നു കുട്ടികളടക്കം നാലു പേര്‍ മൊബൈല്‍ ഫോണ്‍ മോഷണത്തിന് അറസ്റ്റില്‍. പെരുമ്പാവൂര്‍ പളളിക്കവല പുളിക്കങ്കുടി അല്‍ത്താഫ്(18) ഉള്‍പ്പെടെ നാലു പേരെയാണു തൊടുപുഴ പൊലിസ് പെരുമ്പാവൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇരുചക്രവാഹനങ്ങള്‍ മുതല്‍ ബേക്കറിയില്‍ നിന്നും കിറ്റ്കാറ്റ് മിഠായി വരെ മോഷ്ടിച്ചതടക്കം 13 കേസുകളാണ് ഇവര്‍ക്കെതിരെയുളളത്.
കഴിഞ്ഞ നാലിനു തൊടുപുഴ മണക്കാട് ജങ്ഷനിലെ ഇടുക്കി മൊബൈല്‍സില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടെയാണ് ഇവര്‍ അറസ്റ്റിലാകുന്നത്. മോഷണം പോയ ഫോണുകള്‍ പെരുമ്പാവൂരിലെ മൊബൈല്‍ കടകളില്‍ നിന്നും കണ്ടെടുത്തു.
കുട്ടമശേരി, മണ്ണൂര്‍, പെരുമ്പാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ മൂന്നു ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചത്. പുത്തന്‍കുരിശിലെ തുണിക്കടയില്‍ നിന്നും ജീന്‍സടക്കമുളള തുണിത്തരങ്ങളും കടാതിയിലെ ബേക്കറിയില്‍ നിന്നും ബേക്കറി സാധനങ്ങളും ഇവര്‍ മോഷ്ടിച്ചു.കൊരട്ടിയിലെ ഹോട്ടല്‍, അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലും കവര്‍ച്ച നടത്തിയിട്ടുണ്ട്.
സംഘത്തിലെ കുട്ടികളിലൊരാള്‍ പെരുമ്പാവൂരില്‍ രണ്ട് വീടുകളില്‍ മോഷണം നടത്തിയതിന് കഴിഞ്ഞ വര്‍ഷം പിടിയിലായിരുന്നു. ജുവനൈല്‍ ഹോമില്‍ കഴിയവെയാണ് മറ്റുളളവരുമായി പരിചയത്തിലായി ഒരുമിച്ച് മോഷണം ആരംഭിച്ചത്.
അടുത്തിടെ ഇടത്തല സ്‌റ്റേഷന്‍ പരിധിയില്‍ തേവയ്ക്കലിലെ മൊബൈല്‍ കടയില്‍ നിന്നും 93000 രൂപയുടെ ഫോണ്‍ മോഷ്ടിച്ച കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് തൊടുപുഴയില്‍ മോഷണം നടത്തി പിടിയിലാകുന്നത്. തൊടുപുഴ ഡിവൈ.എസ്.പി എന്‍.എന്‍ പ്രസാദ്, സി.ഐ എന്‍.ജി ശ്രീമോന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ ജോബിന്‍ ആന്റണി, ഷാഡോ എസ്.ഐ ടി.ആര്‍ രാജന്‍, എ.എസ്.ഐ അശോകന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ അരുണ്‍, ഉബൈസ്. ഷംസ്, അഡീഷണല്‍ എസ്.ഐ ജോണി അഗസ്റ്റിന്‍ എന്നിവരാണു സംഘത്തെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."