സംസ്ഥാനത്ത് കൃഷി ഓഫിസര്‍മാരുടെ 159 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു
നീലേശ്വരം: സംസ്ഥാനത്തു കൃഷിവകുപ്പിനു കീഴില്‍ 159 കൃഷി ഓഫിസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. നിലവില്‍ റാങ്ക് ലിസ്റ്റ് ഇല്ലാത്തതു മൂലം പുതിയ നിയമനങ്ങളും നടത്താന്‍ കഴിയുന്നില്ല. ഇത് വകുപ്പിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്.
വിവിധ ജില്ലകളിലായാണു 159 കൃഷി ഓഫിസര്‍മാരുടെ ഒഴിവുകളുള്ളത്. ഇതില്‍ 116 ഒഴിവുകള്‍ ഇതിനകം തന്നെ പി.എസ്.സിക്കു റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ബാക്കിയുള്ള 43 ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തതിനാല്‍ ഈ ഒഴിവുകളില്‍ സ്ഥിരനിയമനം നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. അടിയന്തരമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു പി.എസ്.സിയോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നു കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമ സഭയില്‍ പറഞ്ഞിരുന്നു.
അതിനിടെ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം കാണുന്നതിനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു മുഖേന നിയമനം നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇത്തരത്തില്‍ 48 കൃഷി ഓഫിസര്‍മാരെ നിയമിക്കുന്നതിനുള്ള നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൃഷിവകുപ്പിലെ 197 ക്ലറിക്കല്‍ വിഭാഗം ജീവനക്കാരെ തദ്ദേശ വകുപ്പിലേക്കു പുനര്‍വിന്യസിച്ചതും വകുപ്പിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് തദ്ദേശ സ്വയംഭരണ വകുപ്പിലെ പദ്ധതി നടത്തിപ്പിന് ജീവനക്കാരില്ലാത്തതിനാല്‍ കൃഷി വകുപ്പില്‍ നിന്ന് 197 പേരെ അങ്ങോട്ടുമാറ്റിയത്. ഇതോടെ കൃഷി വകുപ്പിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന അവസ്ഥയിലായി. മഴക്കെടുതി മൂലമുള്ള ദുരിതാശ്വാസ വിതരണവും പാതി വഴിയില്‍ നിലച്ച മട്ടാണ്. വരും ദിവസങ്ങളില്‍ പ്രശ്‌നം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നാണു വകുപ്പധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."