കൊല്ലം, മലപ്പുറം സ്‌ഫോടനങ്ങള്‍ക്ക് സമാനതകളേറെ; തുമ്പു കണ്ടെത്താനാകാതെ പൊലിസ്
മലപ്പുറം: മലപ്പുറത്തെ സ്‌ഫോടനത്തിനും കൊല്ലം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന്റെ അതേരീതി. കഴിഞ്ഞ ജൂണ്‍ 15ന് രാവിലെ 10.50നാണ്് കൊല്ലം കലക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനമുണ്ടായത്.
സ്റ്റീല്‍ പാത്രത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചശേഷം നിര്‍ത്തിയിട്ടിരുന്ന ജീപ്പിനുപിന്നില്‍ വെക്കുകയും ഇത് പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്‌ഫോടനസ്ഥലത്തുനിന്ന് തെറിച്ച കല്ലുകൊണ്ട് ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. താരതമ്യേന പ്രഹരശേഷിയില്ലാത്ത സ്‌ഫോടനമാണ് രണ്ടിടത്തും നടന്നത്.
വെടിമരുന്നുപയോഗിച്ചാണ് കൊല്ലത്തെ സ്‌ഫോടകവസ്തു നിര്‍മിച്ചതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. മലപ്പുറത്ത് ചോറ്റുപാത്രത്തിനുപകരം പ്രഷര്‍കുക്കറും വെടിമരുന്നുമാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. കലക്ടറേറ്റ്് വളപ്പിലെ നിര്‍ത്തിയിട്ട വാഹനത്തിന്റെ പിറകിലാണ് ഇവിടെയും സ്‌ഫോടനം നടന്നത്.
സ്‌ഫോടനങ്ങളുടെ സ്വഭാവം ആളപായമല്ലെന്നും ഭീതിവിതക്കലാണെന്നുമാണ് പൊലിസ് കരുതുന്നത്. എന്നാല്‍ പ്രതികളെക്കുറിച്ച്് ചെറിയ സൂചനപോലും പൊലിസിന് ലഭിച്ചിട്ടില്ല. ആന്ധ്രയിലെ ചിറ്റൂര്‍ കോടതിവളപ്പിലുണ്ടായ സ്‌ഫോടനത്തില്‍ ഉപയോഗിച്ച അതേ ബാറ്ററിയാണ് കൊല്ലത്തും ഉപയോഗിച്ചതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ചിറ്റൂര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ ഉമ്മ എന്ന നിരോധിത സംഘടന ഏറ്റെടുത്തിരുന്നു. അല്‍ ഉമ്മയുടെ പുതിയ പേരാണ് ബേസ് മൂവ്‌മെന്റ്.
കൊല്ലത്തേയും ചിറ്റൂരിലേയും സ്‌ഫോടനങ്ങളില്‍ സമാനതയുള്ളതിനാല്‍ കൊല്ലത്തെ സ്‌ഫോടനത്തിലും ബേസ് മൂവ്‌മെന്റിനെയാണ് പൊലിസ് സംശയിക്കുന്നത്.അതേ ഗണത്തിലേക്കാണ് മലപ്പുറം സ്‌ഫോടനവും കണക്കാക്കപ്പെടുന്നത്. എന്നാല്‍ കൊല്ലം സ്‌ഫോടനം നടന്ന് നാല് മാസം കഴിഞ്ഞിട്ടും അക്രമികളെ പിടികൂടാന്‍ പൊലിസിന് സാധിച്ചിട്ടില്ല.
മുമ്പ് എറണാകുളം സിവില്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനം ഏറെക്കുറെ ഗൗരവമുള്ളതായിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ലോക്കല്‍ പൊലിസ് മുതല്‍ റോ വരേ അന്വേഷണം നടത്തിയിട്ടും തുമ്പുകണ്ടെത്താന്‍ കഴിയാത്തത് പൊലിസിന് വലിയ നാണക്കേടാണുണ്ടാക്കിയത്. 2009 ജൂലൈ 10നാണ്് എറണാകുളം കലക്ടറേറ്റില്‍ സ്‌ഫോടനം നടന്നത്. സിവില്‍ സ്റ്റേഷന്റെ അഞ്ചാം നിലയിലുണ്ടായ പൈപ്പ് ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. സംസ്ഥാനത്തെ മികച്ച സംഘം നടത്തിയ അന്വേഷണം വഴിയില്‍ നിലക്കുകയായിരുന്നു. കൊല്ലത്ത് സ്‌ഫോടനമുണ്ടായപ്പോള്‍ ജില്ലാ കലക്ടറായിരുന്ന എ ഷൈനാമോളാണ് ഇപ്പോള്‍ മലപ്പുറം ജില്ലാ കലക്ടര്‍.
ഇവര്‍ മലപ്പുറത്തെത്തി മൂന്നു മാസം തികയുന്നതിനുമുമ്പാണ് സ്‌ഫോടനമുണ്ടാകുന്നത്. ഇതിലെ സാഹചര്യം പൊലിസ് ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. തുടര്‍ച്ചയായി കലക്ടറേറ്റുകളില്‍ സ്‌ഫോടനമുണ്ടാകുന്ന സാഹചര്യത്തില്‍ എന്‍. ഐ.എ സംഘം മലപ്പുറത്തെത്തി തെളിവെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."