മലപ്പുറം സ്‌ഫോടനം: ഗൗരവത്തോടെ അന്വേഷിക്കണമെന്ന് കെ.പി.എ മജീദ്
കോഴിക്കോട്: മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായ പൊട്ടിത്തെറി ഗൗരവത്തോടെ കണ്ട് അന്വേഷണം നടത്തി ദുരൂഹത അകറ്റണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
കലക്ടറേറ്റിനോട് ചേര്‍ന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും പി.എസ്.സി ജില്ലാ ഓഫിസും സ്ഥിതി ചെയ്യുന്ന പ്രധാന മേഖലയിലെ സ്‌ഫോടനം നിസാരമായെടുക്കരുത്. മത സൗഹാര്‍ദത്തിനും സഹവര്‍ത്തിത്വത്തിനും മാതൃകയായ മലപ്പുറത്തെ ഭയപ്പെടുത്താന്‍ ഇത്തരം നീക്കങ്ങള്‍കൊണ്ട് കഴിയില്ല.
പെട്ടിയും ലഘുലേഖയും കത്തും ഒരുക്കി സ്‌ഫോടനം നടത്തിയവര്‍ സൃഷ്ടിക്കുന്ന പുകമറ ഒരു ജനതയെ സംശയത്തിന്റെ നിഴലിലേക്ക് മാറ്റിനിര്‍ത്താന്‍കൂടി ലക്ഷ്യമിട്ടാണെന്നതില്‍ സംശയമില്ല.
ഇരുതല മൂര്‍ച്ചയുള്ള അത്തരം ദുസൂചനകളെ മുളയിലെ നുള്ളാന്‍ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."