മിറോസ്ലോവ് ക്ലോസെ ബൂട്ടഴിച്ചു; ഇനി പരിശീലക വേഷത്തില്‍
ബെര്‍ലിന്‍: ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍ സ്വന്തമാക്കി റെക്കോര്‍ഡിട്ട വിഖ്യാത ജര്‍മന്‍ താരം മിറോസ്ലോവ് ക്ലോസെ സജീവ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. 2014 ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ച ക്ലോസെ ക്ലബ് ഫുട്‌ബോളില്‍ തുടര്‍ന്നിരുന്നു. ഇറ്റാലിയന്‍ സീരി എ ടീം ലാസിയോക്കു വേണ്ടി കഴിഞ്ഞ സീസണ്‍ വരെ 38കാരനായ താരം കളിച്ചു.
കളിക്കളത്തില്‍ നിന്നു വിരമിച്ച ക്ലോസെ ഭാവിയില്‍ പരിശീലകനാവാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി താരം ജര്‍മന്‍ ദേശീയ ടീമിന്റെ സഹ പരിശീലകനായി സ്ഥാനമേല്‍ക്കും. ജോക്വിം ലോയുടെ സഹായിയായാകും ക്ലോസെ ദേശീയ ടീമിന്റെ ഭാഗമാകുന്നത്.
പോളണ്ട് വംശജനായ ക്ലോസെ 2001ല്‍ അല്‍ബേനിയക്കെതിരേയാണ് അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയത്. ജര്‍മനിക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന പെരുമയുള്ള ക്ലോസെ 137 മത്സരങ്ങളില്‍ നിന്നു 71 ഗോളുകള്‍ സ്വന്തമാക്കി. 2002ല്‍ കളിച്ച ആദ്യ ലോകകപ്പില്‍ തന്നെ അഞ്ചു ഗോള്‍ നേടി വരവറിയിച്ച ക്ലോസെ പിന്നീട് 2006, 10, 14 ലോകകപ്പുകളിലും ഗോളടി തുടര്‍ന്നു. നാലു ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 16 ഗോളുകള്‍ നേടിയ ക്ലോസെ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്. 2014 ലോകകപ്പിന്റെ സെമിയില്‍ ബ്രസീലിനെതിരേ തന്നെയായിരുന്നു ക്ലോസെയുടെ നേട്ടം. 7-1നു ബ്രസീലിനെ തകര്‍ത്ത് ജര്‍മനി ഫൈനലിലെത്തുകയും ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു. ഹെഡ്ഡറുകളിലൂടെ ഗോള്‍ നേടാനുള്ള കഴിവാണ് ക്ലോസെയെ ശ്രദ്ധേയനാക്കിയത്. ഒപ്പം ഗോള്‍ നേടി ആഹ്ലാദ സൂചകമായി കരണം മറിയുന്ന താരത്തിന്റെ ചലനങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ബയേണ്‍ മ്യൂണിക്ക്, ഹാംബര്‍ഗ്, വെര്‍ഡെര്‍ ബ്രമന്‍, ലാസിയോ, കൈസെര്‍സ്ലാറ്റേന്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള ക്ലോസെ ഒട്ടാകെ 529 മത്സരങ്ങളില്‍ നിന്നു 213 ഗോളുകള്‍ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."