ആവേശത്തിമിര്‍പ്പേറ്റി പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം ചുണ്ടന്‍ മത്സരത്തില്‍ വിജയം ഒരു തുഴപ്പാടകലത്തില്‍
കൊല്ലം: അഷ്ടമുടിക്കായലിന്റെ ഇരുകരളിലും തിങ്ങിക്കൂടിയ ആയിരങ്ങളെ ആവേശത്തിലാഴ്ത്തിയ മത്സരത്തില്‍ ന്യൂ ആലപ്പി ബോട്ട് ക്ലബിന്റെ സോണിച്ചന്‍ ക്യാപ്റ്റനായ മഹാദേവിക്കാട് കാട്ടില്‍തെക്കതില്‍ ചുണ്ടന്‍ അഞ്ചാമത് പ്രസിഡന്റ്‌സ് ട്രോഫിയില്‍ മുത്തമിട്ടത് ഒരു തുഴപ്പാടു വ്യത്യാസത്തില്‍.
കരുവാറ്റാ കുറ്റിത്തറ ബോട്ട് ക്ലബിന്റെ റജി തുണ്ടുകളത്തില്‍ ക്യാപ്റ്റനായ ശ്രീവിനായകനുമായി ഇഞ്ചോടിഞ്ചുപോരാട്ടമായിരുന്നു. കരുനാഗപ്പള്ളി എയ്ഞ്ചല്‍ ബോട്ട് ക്ലബിന്റെ അന്‍സാര്‍ ബസ്റ്റ് ബില്‍ഡേഴ്‌സ് ക്യാപ്റ്റനായ സെന്റ് പയസ് ടെന്‍ത് മൂന്നാമതും കുമരകം എന്‍.സി.ടി.സി ബോട്ട് ക്ലബിന്റെ ജിഫി ഫെലിക്‌സ് ക്യാപ്റ്റനായ പായിപ്പാടന്‍ നാലാം സ്ഥാനത്തുമെത്തി.
കൈക്കരുത്തിന്റെ ജലമാമാങ്കം കാണാന്‍ ഒന്നേകാല്‍ കിലോമീറ്റര്‍ ദുരമുള്ള ട്രാക്കിന്റെ ഇരു വശങ്ങളിലും ഉച്ചമുതലേ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. ചുവപ്പും മഞ്ഞയും നീലയും റോസും ജഴ്‌സിയണിഞ്ഞാണ് തുഴക്കാരിറങ്ങിയത്. ഫൈനല്‍ മത്സരം കാണാന്‍ പ്രാഥമിക റൗണ്ടില്‍ പരാജയപ്പെട്ട 12 വള്ളങ്ങളും കായലില്‍ അണിനിരന്നത് ജലോത്സവത്തിന്റെ മാറ്റു കൂട്ടി.
മന്ത്രി കെ. രാജു സമ്മാനദാനം നിര്‍വ്വഹിച്ചു. വൈകിട്ട് മൂന്നിന് എന്‍.കെ പ്രേമചന്ദ്രന്‍ എപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ജലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി എ.സി മൊയ്തീന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജലോത്സവ സുവനീര്‍ 'പൊന്നോട'ത്തിന്റെ പ്രകാശനം എം. മുകേഷ് എം.എല്‍.എ നിര്‍വഹിച്ചു. മേയര്‍ വി .രാജേന്ദ്രബാബു ക്യാപ്റ്റന്‍മാരുടെ സല്യൂട്ട് സ്വീകരിച്ചു. എം.പി മാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സോമപ്രസാദ്, എം.നൗഷാദ് എം.എല്‍.എ, ആര്‍ രാമചന്ദ്രന്‍എം.എല്‍.എ, എന്‍ വിജയന്‍പിള്ള എം.എല്‍.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ജില്ലാ കലക്ടര്‍ മിത്ര ടി,ജലോത്സവ സൊസൈറ്റി സെക്രട്ടറി എന്‍. പീതാംബരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
ഉച്ചയ്ക്ക് രണ്ടിന് എം.നൗഷാദ് എം.എല്‍.എ പതാകയുയര്‍ത്തി. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു,സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ്ബിനോ ,ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എന്‍. ബാലഗോപാല്‍, എന്‍ .അനിരുദ്ധന്‍, കെ. കരുണാകരന്‍പിള്ള, ജി. ഗോപിനാഥ്, എ .യൂനുസ്‌കുഞ്ഞ്, ഫിലിപ്പ് കെ. തോമസ്, ആര്‍.ഡി.ഒ വി രാജചന്ദ്രന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാജ്കുമാര്‍,എ.ഡി.എം ഐ അബ്ദുല്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.
ജലോത്സവത്തില്‍ ചുണ്ടന്‍ വിഭാഗത്തില്‍ കിരീടം നേടിയ ടീമിന് പ്രസിഡന്റസ് ട്രോഫിയും ഒന്നരലക്ഷം രൂപ സമ്മാനത്തുകയും ലഭിച്ചു. സിയാചിനില്‍ മരിച്ച ലാന്‍സ് നായിക്ക് ബി സുധീഷന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ എവര്‍ റോളിങ് ട്രോഫിയും ജേതാക്കള്‍ക്ക് നല്‍കി. രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളിലെത്തിയ ടീമുകള്‍ക്ക് യഥാക്രമം 125000 രൂപ, 100000രൂപ 75000 രൂപ എന്ന ക്രമത്തില്‍ സമ്മാനത്തുക ലഭിക്കും. ചുണ്ടന്‍ വിഭാഗത്തില്‍ ആദ്യ എട്ടു സ്ഥാനക്കാര്‍ക്ക് 175000 രൂപ വീതവും അടുത്ത എട്ടു സ്ഥാനക്കാര്‍ക്ക് 140000 രൂപ വീതവും ബോണസ് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."