എല്ലാവര്‍ക്കും കൈത്തറി കാരിബാഗുകള്‍ ആദ്യ വില്‍പന കലക്ടര്‍ നിര്‍വഹിച്ചു
കണ്ണൂര്‍: ഏപ്രില്‍ രണ്ടിനകം ജില്ലയെ പ്ലാസ്റ്റിക് കാരിബാഗ് രഹിത ജില്ലയാക്കുന്നതിനുള്ള 'പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍- നല്ല നാട് നല്ല മണ്ണ്' കാംപയിന്റെ ഭാഗമായി കൈത്തറി കാരിബാഗുകളുടെ വില്‍പ്പന കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോടെ കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തിന് അത് വഴിയൊരുങ്ങുമെന്നും കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ പറഞ്ഞു. സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സഞ്ചിയായും ഷോള്‍ഡര്‍ ബാഗായും ബാക്ക്പാക്കായും ഉപയോഗിക്കാവുന്നതാണ് ഇരിണാവ് വീവേഴ്‌സ് സൊസൈറ്റിയുടെ 80 രൂപ വിലയുള്ള ബാഗ്. സ്ത്രീകള്‍ക്ക് പൗച്ച് പോലെ കൊണ്ടുനടക്കാവുന്ന കൈത്തറി ബാഗിന് 70 രൂപയാണ് വില. കല്യാശ്ശേരി വീവേഴ്‌സ് സൊസൈറ്റി നിര്‍മിച്ച 100 രൂപയുടെ ബാഗിന് 20 കിലോഗ്രാം വരെ സാധനങ്ങള്‍ താങ്ങാനുള്ള ശേഷിയുണ്ട്. 40 രൂപ വിലവരുന്ന ചെറിയ ബാഗുമുണ്ട്. നിഫ്റ്റിലെ വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത ഈ ബാഗുകളിലെല്ലാം 'വി ആര്‍ കണ്ണൂര്‍' ലോഗോ മുദ്രണം ചെയ്തിട്ടുണ്ട്. വരുംദിനങ്ങളില്‍ സൊസൈറ്റി കേന്ദ്രങ്ങളില്‍ ബാഗുകള്‍ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍- 0497 2867537, 9847597468 (ഇരിണാവ് വീവേഴ്‌സ്), 0497 2780726, 8547052726 (കല്യാശ്ശേരി വീവേഴ്‌സ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."