ഭാഷയുടെ അടിത്തറ കാത്ത് സൂക്ഷിക്കണം: കലക്ടര്‍
കൊച്ചി: ഭാഷ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതിന്റെ അടിത്തറ എന്നും കാത്തുസൂക്ഷിക്കണമെന്നും കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു.
കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ഭാഷാ വാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജനിച്ചതു തമിഴ്‌നാട്ടിലാണെങ്കിലും ചെറുപ്പത്തില്‍ ആദ്യം പഠിച്ചത് ഉറുദു ആയിരുന്നുവെന്ന് അദ്ദേഹം ഓര്‍മിച്ചു. പിന്നീട് വീട്ടില്‍ അറബി പഠിച്ചു.
അതിനു ശേഷം തമിഴില്‍ത്തന്നെ തുടരേണ്ടിവന്ന സാഹചര്യം അദ്ദേഹം വിശദീകരിച്ചു. നമ്മുടെ ഭാഷ വാക്കുകള്‍ മാത്രമല്ല, ഒരു വികാരം കൂടിയാണ്. സൗഹൃദങ്ങളുടെ ആഴം പോലും വാക്കുകളും ആശയവിനിമയവും അടിസ്ഥാനമാക്കിയാണ്.
ഓരോ വാക്കും സമൂഹത്തിന്റെ ഭാഗമാണ്. ഒരു ഭാഷ മനസിലായാല്‍ ജീവിതത്തെത്തന്നെ മനസിലാക്കി എന്നാണ് അര്‍ഥമാക്കുന്നത്. സ്വന്തം ഭാഷ അഭിമാനമായി കരുതാന്‍ ഓരോ മലയാളിയും തയാറാകണം. വിദേശരാജ്യങ്ങളില്‍ സ്വന്തം ഭാഷയ്ക്കാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്ന് തന്റെ ജപ്പാന്‍ അനുഭവം വിശദമാക്കി അദ്ദേഹം പറഞ്ഞു.
ഓരോ ഉദ്യോഗസ്ഥനു ഭരണ നിര്‍വഹണത്തിനിടയില്‍ മാതൃഭാഷയെ മെച്ചപ്പെടുത്താന്‍ യത്‌നിക്കണം. നമ്മുടെ നല്ല ഭാഷ അടുത്ത തലമുറയ്ക്കു കൂടി ഉള്ളതാണെന്ന ബോധ്യത്തോടെ വേണം ഉപയോഗിക്കേണ്ടത്. അടിത്തറ ഇല്ലാതായാല്‍ മാതൃഭാഷയും ഇല്ലാതാകും.
അതിന് ഒരിക്കലും അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ബോര്‍ഡില്‍ എല്ലാവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍ എന്ന് എഴുതിക്കൊണ്ടാണ് കലക്ടര്‍ വാരാചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. യോഗത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍ റോയി അധ്യക്ഷനായിരുന്നു.
എഴുത്തുകാരായ തനൂജ ഭട്ടതിരി, പ്രമോദ് രാമന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എ.ഡി.എം സി. കെ പ്രകാശ് ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യൂവല്‍ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. ബി ബിജു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."