വികസനം കാത്ത് പള്ളിപ്പുറം -ഒറ്റപ്പുന്ന കൈതാട്ടുചിറ പാലം
പൂച്ചാക്കല്‍: പതിറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിപ്പുറം - ഒറ്റപ്പുന്ന കൈതാട്ടുചിറ പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കണമെന്നാവശ്യം ശക്തമായി . ഒറ്റപ്പുന്ന - കേളമംഗലം റോഡിലാണ് കൈതാട്ടുചിറ പാലം നിലകൊള്ളുന്നത്. 40 വര്‍ഷത്തോളം പഴക്കമുള്ള വീതി കുറഞ്ഞ ഈ പാലത്തിലൂടെയാണ് പള്ളിപ്പുറം ഇന്‍ഫോ പാര്‍ക്, വ്യവസായ വികസന കേന്ദ്രം, നിര്‍ദിഷ്ട ഫുഡ് പാര്‍ക്, കയര്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്നത്. ഈ പാലത്തിലൂടെ വ്യവസായ കേന്ദ്രങ്ങളിലേക്കു കണ്ടെയ്‌നര്‍ ലോറികള്‍ വരാനുള്ള സാധ്യതകളേറെയാണ്. ഒരേസമയം ഒരു വാഹനം മാത്രം കടന്നു പോകാനുള്ള വീതിയെ നിലവിലെ പാലത്തിനുള്ളു. ലോറികള്‍, സ്വകാര്യ ബസുകള്‍ അടക്കം നൂറുകണക്കിനു വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നത്. വശങ്ങളിലേക്കു വീതി വര്‍ധിപ്പിക്കുന്നതിനുള്ള സൗകര്യമുള്ളതിനാല്‍ പാലത്തിന്റെ വികസനം സംബന്ധിച്ച നടപടികള്‍ അധികൃതര്‍ തുടങ്ങണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഒറ്റപ്പുന്ന - കേളമംഗലം റോഡും നിലവില്‍ തകര്‍ന്നിരിക്കുകയാണ്. പലയിടത്തും കുഴികളും വെള്ളക്കെട്ടുമുള്ളത് അപകടഭീഷണിയാണ്. ഇതിന് അടിയന്തര പരിഹാരം വേണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."