മലപ്പുറം സ്‌ഫോടനം: അരാജകത്വത്തിനുള്ള നീക്കം അപലപനീയം: കോട്ടുമല
മലപ്പുറം: മലപ്പുറം കോടതി വളപ്പില്‍ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തിലെ നിഗൂഢതകള്‍ പുറത്തുകൊണ്ടു വരണമെന്ന് സമസ്ത സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. ബീഫ് കൊലയുമായി ബന്ധപ്പെട്ട അഖ്‌ലാഖിന്റെ പേരിലുള്ള ലഘുലേഖകളും മറ്റും ലഭിച്ചെന്നും അല്‍ഖാഇദ എന്ന തീവ്രവാദ സംഘടനക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടെന്നുമാണ് പ്രചാരണം കൊഴുക്കുന്നത്. അഖ്‌ലാകുമായോ ആ കേസിലെ പ്രതികളുമായോ ഒരു തരത്തിലും ബന്ധമില്ലാത്ത കേരളത്തിലെ ജനസംഖ്യയില്‍ ഭൂരിപക്ഷം മുസ്‌ലിംകള്‍ അധിവസിക്കുന്ന ജില്ലയുടെ ഭരണ സിരാകേന്ദ്രത്തില്‍ സ്‌ഫോടനം നടത്തി അരാജകത്വത്തിന് ശ്രമം നടത്തുന്നത് അപലപനീയമാണ്. സ്‌ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത പെന്‍ഡ്രൈവില്‍ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖര്‍ക്കെതിരേ വധഭീഷണിയുണ്ടെന്ന് വരെ പ്രചാരണം നടത്താന്‍ ചിലര്‍ കാണിച്ച അമിതാവേശം ദുരൂഹമാണ്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ചില ഛിദ്രശക്തികളുടെ നീക്കങ്ങളെ കരുതിയിരിക്കണം. അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."