വിതരണത്തിനിടെ 14 ശതമാനം വൈദ്യുതി നഷ്ടപ്പെടുന്നുവെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മേഖലയില്‍ 14.32 ശതമാനം പ്രസരണനഷ്ടം സംഭവിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. നഷ്ടം പലരൂപത്തില്‍ സംഭവിക്കുന്നുണ്ട്. വൈദ്യുതി വിതരണ ശൃംഖല മേഖല മെച്ചപ്പെടുത്തുന്നതിന് നഗരങ്ങളില്‍ എ.ബി.സി, യു.ജി കേബിളുകള്‍ സ്ഥാപിക്കുകയാണ്. എന്നാല്‍ ഇതു ചെലവേറിയ പ്രവര്‍ത്തനമാണ്. എങ്കിലും ഭാവിയില്‍ നടപ്പാക്കേണ്ടി വരും.
പ്രസരണ ശൃംഖലാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ട്രാന്‍സ് ഗ്രിഡ് പദ്ധതി കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കി തുടങ്ങി. ഒന്നാം ഘട്ടത്തിന് 4745.77 കോടിയും രണ്ടാം ഘട്ടത്തിന് 1629.60 കോടിയും ചെലവ് പ്രതീക്ഷിക്കുന്നു. ഒന്നും രണ്ടും ഘട്ടങ്ങളിലായി ഹരിത ഇടനാഴിയും അനുബന്ധജോലികളും ഒഴികെയുള്ള ജോലികള്‍ക്ക് 6375.37 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഉയര്‍ന്നശേഷിയുള്ള താപനിലയം സംസ്ഥാനത്തിനകത്തോ ഇന്ധന ലഭ്യതയുള്ള പ്രദേശത്തോ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി യൂനിറ്റിന് അഞ്ച് ഡോളര്‍ നിരക്കില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രകൃതിവാതകം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
ആതിരപ്പിള്ളി പദ്ധതിക്കുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി 2017 ജൂലൈ വരെയുണ്ട്. എന്നാല്‍ പദ്ധതിയോട് എതിര്‍പ്പുള്ളവരുണ്ട്. അതുകൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. സമവായത്തിലൂടെ അനുയോജ്യമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."